(ബീഹാർ) ജാമുയി: ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് മരുമകനെ വിവാഹം കഴിച്ച് യുവതി. ബീഹാറിലെ ജാമുയി ജില്ലയിലെ സിഖേരി ഗ്രാമത്തിലാണ് സംഭവം. ജൂൺ 20ന് ഒരു ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്, ഭർത്താവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ആയുഷി കുമാരി എന്ന യുവതി ബന്ധുവായ സച്ചിൻ ദുബെയെയാണ് വിവാഹം കഴിച്ചത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയായിരുന്നു വിവാഹം.
2021-ൽ വിശാൽ ദുബെയെ വിവാഹം കഴിച്ചിരുന്ന ആയുഷിക്ക് മൂന്ന് വയസുള്ള ഒരു മകളുമുണ്ട്. എന്നാൽ അതേ ഗ്രാമത്തിൽ താമസിച്ചിരുന്ന സച്ചിനുമായി ആയുഷി പ്രണയത്തിലായതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യമായി പരിചയത്തിലായത്. ആദ്യമൊക്കെ സാധാരണ പോലെ തുടങ്ങിയ ബന്ധം കാലക്രമേണ പ്രണയത്തിലേക്ക് വളരുകയായിരുന്നു. കുടുംബത്തിൽ ആർക്കും സംശയമുണ്ടാകാത്ത രീതിയിൽ അവർ ഇടയ്ക്കിടെ കണ്ടുമുട്ടുകയും ഫോണിലൂടെ ബന്ധം തുടരുകയും ചെയ്തിരുന്നു.
ജൂൺ 15നായിരുന്നു ആയുഷി സച്ചിനുമായി ഒളിച്ചോടിയ വിവരം പരസ്യമായത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ആയുഷിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് ആയുഷി ജാമുയി കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകുകയായിരുന്നു. മകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും യുവതി വിസമ്മതിച്ചു. ഇതിനെല്ലാം ശേഷമാണ് ജൂൺ 20ന് ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. വിവാഹ ചടങ്ങുകളുടെ ഭാഗമായി സച്ചിൻ ആയുഷിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും വൈറലായ ഒരു വീഡിയോയിൽ കാണാം. "രണ്ട് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഇപ്പോൾ ഞങ്ങളുടെ ബന്ധത്തിന് ഭാര്യാഭതൃ ബന്ധമെന്ന പേരുണ്ട്. ആയുഷിയെ ഞാൻ പൊന്നുപോലെ നോക്കും' സച്ചിൻ പറഞ്ഞു.
വിവാഹത്തിനു പിന്നാലെ ആയുഷിയുടെ ഭർത്താവിന്റെ പ്രതികരണവും പുറത്തു വന്നിരുന്നു. 'ഇതാണ് അവൾക്ക് സന്തോഷമെങ്കിൽ ഞാൻ ഒരിക്കലും അവളെ തടയില്ല. പക്ഷേ എനിക്കെതിരെ ആയുഷി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണ്. സത്യത്തിൽ അവൾ എന്റെ അമ്മയോടും മകളോടും വളരെ മോശമായി പെരുമാറാറുണ്ടായിരുന്നു. ഇനി മുതൽ അവളുടെ ഉത്തരവാദിത്തം സച്ചിന്റേതാണ്'. മുൻ ഭർത്താവ് വിശാൽ ദുബെയെ പറഞ്ഞു. ബീഹാറിൽ ഇത്തരത്തിലുള്ള വിവാഹങ്ങൾ നടക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഡിസംബറിൽ സഹർസ ജില്ലയിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീ തന്റെ കാമുകനെ വിവാഹം കഴിച്ചു. ഈ സാഹചര്യത്തിലും വിവാഹം ഭർത്താവിന്റെ സാന്നിധ്യത്തിലായിരുന്നു നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |