കൊച്ചി: പുറങ്കടലിൽ പൊട്ടിത്തെറിയുണ്ടായി തീപിടിച്ച കണ്ടെയ്‌നർ കപ്പൽ വാൻഹായ് 503 ശ്രീലങ്കൻ പോർട്ടിലേക്ക് അടുപ്പിച്ച് അപകടം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും എൻജിൻ റൂമിലേക്ക് വെള്ളംകയറുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഓരോദിവസവും പിന്നിടുമ്പോൾ വെള്ളത്തിന്റെ തോത് ഉയരുകയാണ്. ഇതുമൂലം കപ്പൽ 30 സെന്റിമീറ്റർകൂടി ചരിഞ്ഞു. വെള്ളംകയറുന്ന തോത് ഇനിയും കൂടുകയാണെങ്കിൽ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് കപ്പൽ മുങ്ങിയേക്കാമെന്ന സൂചനയാണ് ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് നൽകുന്നത്.
അതേസമയം അഗ്നിബാധ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെ ഇന്നലെ വീണ്ടും തീപിടിത്തമുണ്ടായി. ബേ 14 ലാണ് തീപിടിത്തമുണ്ടായി കറുത്തപുക ഉയർന്നത്. ബോക വിംഗർ, സക്ഷം, സരോജ് ബ്ലെസിംഗ്, വാട്ടർലില്ലി എന്നീ കപ്പലുകളും ടഗുകളും വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൊച്ചി തീരത്തുനിന്ന് 70കിലോമീറ്റർ അകലെയാണ് ഇപ്പോൾ കപ്പൽ. കപ്പലിനെ ഇന്ത്യൻ തീരത്തിന് 200 നോട്ടിക്കൽമൈൽ അകലേയ്ക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് കപ്പൽ കെട്ടിവലിച്ചാണ് ദൗത്യം തുടരുന്നത്. പാരിസ്ഥിതിക അനുമതികളും സുരക്ഷാ പ്രോട്ടോക്കോൾ പ്രശ്നങ്ങളും ശ്രീലങ്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ കപ്പൽ അടുപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
വി.ഡി.ആർ ലഭിച്ചു
'വാൻ ഹായ് 503' കപ്പലിൽനിന്ന് വോയേജ് ഡേറ്റ റെക്കോഡർ (വി.ഡി.ആർ) വീണ്ടെടുത്തു. ക്യാപ്ടന്റെ സാന്നിദ്ധ്യത്തിൽ 26ന് വി.ഡി.ആറിൽ നിന്നുള്ള വിവരങ്ങൾ വേർതിരിച്ചെടുക്കും. ക്യാപ്ടൻ നാളെ കൊച്ചിയിലെത്തും. കസ്റ്റംസ്, ലോജിസ്റ്റിക്‌സ് എന്നിവരുടെ സാന്നിദ്ധ്യവും ഉറപ്പാക്കിയിട്ടുണ്ട്. കപ്പൽ അപകടത്തിന്റെ കാരണങ്ങൾ വി.ഡി.ആറിൽനിന്ന് ലഭിക്കും.
കനറ മേഘ 28ന് എത്തും
പുറങ്കടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിലെ ഇന്ധനം വീണ്ടെടുക്കൽ നീളുന്നു. ദൗത്യസഹായത്തിനായുള്ള കപ്പൽ 'കനറ മേഘ' 28ന് കാെച്ചിയിൽ എത്തും. പുതിയ സാൽവേജ് കമ്പനിയായ എസ്.എം.ഐ.ടിയുമായി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ധാരണാപത്രം ഉടനെ ഒപ്പുവച്ചതായാണ് വിവരം. ടഗ്ഗ് നന്ദ് സാരഥി കപ്പൽമുങ്ങിയ പ്രദേശത്ത് നിലയുറപ്പിച്ച് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |