ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു. എല്‍ എല്‍ സി മുഖേനയാണ് പദ്ധതി തുടരുക - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ നാല് ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിരാമയ. പദ്ധതിയ്ക്കുള്ള ഗുണഭോക്തൃ പ്രീമിയം തുക മുഴുവനായും 2017 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സാമൂഹ്യനീതി വകുപ്പ് അടച്ച് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരുന്നു. എഴുപത്തയ്യായിരം ഭിന്നശേഷിക്കാര്‍ ഗുണഭോക്താക്കളായിരുന്ന പദ്ധതിയില്‍ ചേരുന്നതിന് എ പി എല്‍ വിഭാഗത്തിന് 250 രൂപ, ബി പി എല്‍ വിഭാഗത്തിന് 50 രൂപ എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിരുന്നത്.
പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏകോപിപ്പിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായി നിരാമയ അടക്കമുള്ള വിവിധ വകുപ്പുകളുടെ ഇന്‍ഷുറന്‍സ് പദ്ധതികളും ചികിത്സാ സഹായവും മെഡിക്കല്‍ ഇന്‍ഷുറന്‍സും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ ലയിപ്പിച്ച് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിക്കാന്‍ തീരുമാനിച്ചു. കൂടാതെ, സംസ്ഥാനത്തെ നാല്‍പ്പതു ശതമാനമോ അതില്‍ക്കൂടുതലോ ഭിന്നശേഷിയുള്ള എല്ലാ വ്യക്തികള്‍ക്കും ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും ധാരണയായിരുന്നു. ഇതേത്തുടര്‍ന്ന്, ഇതിനായി ഫണ്ട് അനുവദിച്ചു നല്‍കിയിരുന്ന ശീര്‍ഷകത്തിലേക്ക് 2023 മുതല്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിരുന്നില്ല.
ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്നത് വിലയിരുത്തി നിരാമയയ്ക്കുള്ള പദ്ധതിവിഹിതം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതത്തില്‍ നിന്നും മുമ്പ് ചെയ്തിരുന്നതു പോലെ വിനിയോഗിക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സാമൂഹ്യനീതി മന്ത്രിയെന്ന നിലയില്‍ നിര്‍ദ്ദേശിച്ചിരുന്നു. പദ്ധതി എല്‍ എല്‍ സി മുഖേന തുടരാനും നിര്‍ദ്ദേശിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായി നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനമായത്. 2025-26 സാമ്പത്തിക വര്‍ഷത്തെ 223560 - 200 - 83 (പി) ശീര്‍ഷകത്തില്‍ സാമൂഹ്യനീതി വകുപ്പിന് ലഭ്യമായിട്ടുള്ള തുകയില്‍നിന്നും എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചു നല്‍കിക്കൊണ്ടും പദ്ധതി പ്രവര്‍ത്തനങ്ങള്‍ എല്‍ എല്‍ സി മുഖേന തുടരുന്നതിന് അനുമതി നല്‍കിക്കൊണ്ടുമാണ് തീരുമാനം - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |