കോഴിക്കോട് : ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകളിൽ നിന്ന് റിയാദ്, മസ്കറ്റ് വിമാനങ്ങളെ ഒഴിവാക്കി. രണ്ട് വിമാന സർവീസുകളും ഇന്ന് രാത്രി തന്നെ സർവീസ് നടത്തുമെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. രാത്രി 8.25നുള്ള കോഴിക്കോട് - റിയാദ് സർവീസും രാത്രി 11.45നുള്ള കോഴിക്കോട് - മസ്കറ്റ് വിമാന സർവീസുകളും ഉണ്ടാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
അതേസമയം ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യൻ വ്യോമസേന 18 മലയാളികളെക്കൂടി ഡൽഹിയിൽ എത്തിച്ചു. പാലം എയർപോർട്ടിൽ ഇന്ന് ഉച്ചയ്ക്ക് 12 ന് എത്തിയ രണ്ടാമത്തെ സി17 വിമാനത്തിൽ ആകെ 266 ഇന്ത്യാക്കാരുണ്ടായിരുന്നു. ഇന്ന് ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തിയ മലയാളികളുടെ എണ്ണം ഇതോടെ 31 ആയി. ഇന്ന് രാവിലെ 8 മണിയ്ക്ക് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ ഇസ്രായേലിൽ നിന്നുള്ള ഒരാളും രാവിലെ 8:45 നു പാലം വിമാനത്താവളത്തിൽ 12 പേരും എത്തിയിരുന്നു.
തൃശൂർ സ്വദേശികളായ ജോയൽ ജയ്സൺ, ഡെന്നീസ് ജോസ് , മനു മന്നാട്ടിൽ, ഫ്ലാവിയ പഴയാറ്റിൽ ,
മലപ്പുറം സ്വദേശികളായ ശരത് ശങ്കർ, ഐശ്വര്യ പദ്മ ദാസ്, ശിശിര മാമ്പ്രംകുന്നത്ത്, എറണാകുളം സ്വദേശികളായ ലക്ഷ്മിപ്രിയ, അശ്വതി അനിൽ കുമാർ, ജസ്റ്റിൻ ജോർജ്, രാഘവേന്ദ്ര ചൗധരി , ഏലിയാമ്മ മലയപ്പള്ളിൽ തോമസ് (മാനന്തവാടി) , സുജിത് രാജൻ (കൊല്ലം), നിള നന്ദ (പാലക്കാട്), തിരുവനന്തപുരം സ്വദേശിയായ അർജുൻ ചന്ദ്രമോഹനൻ , ഭാര്യ കൃഷ്ണപ്രിയ, പി.ആർ.രാജേഷ് (പത്തനംതിട്ട) അക്ഷയ് പുറവങ്കര (കണ്ണൂർ) എന്നിവർ മലയാളി സംഘത്തിൽ ഉൾപ്പെടുന്നു. കൊച്ചി , കണ്ണൂർ, തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |