കൊല്ലം: കാലത്തെയും പിന്നിലാക്കി വഴിയരികിലെ 'മൂന്നാംകുറ്റി'!. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കിളികൊല്ലൂർ മൂന്നാം കുറ്റി ജംഗ്ഷനോട് ചേർന്ന് പുതിയകാവ് ദുർഗാദേവീ ക്ഷേത്രത്തിന് മുന്നിലാണ് പോയകാലത്തിന്റെ ഈ അടയാളക്കല്ല്. മൂന്നരയടി ഉയരമുള്ള ഒറ്റക്കല്ലിൽ 'മൂന്ന്' എന്ന് അക്കത്തിലും അക്ഷരത്തിലും അടയാളപ്പെടുത്തിയിട്ടുണ്ട്.
പഴയ ലിപിയിലുള്ള എഴുത്തായതിനാൽ പുതുതലമുറയ്ക്ക് പിടികിട്ടില്ല. രാജഭരണ കാലത്താണ് ഇത്തരത്തിൽ വഴിക്കല്ലുകൾ (കുറ്റികൾ) സ്ഥാപിച്ചത്. മൂന്നാമത്തെ കുറ്റി സ്ഥാപിച്ച സ്ഥലത്തിന് മൂന്നാംകുറ്റിയെന്ന പേരുംവന്നു. കൂടാതെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ രണ്ടാംകുറ്റിയും ഏഴാംകുറ്റിയും കുണ്ടറ-അഞ്ചാലുംമൂട് പാതയിൽ അഞ്ചാംകുറ്റിയുമൊക്കെ സ്ഥലനാമങ്ങളായിട്ടുണ്ട്. ഇവിടങ്ങളിലെ കുറ്റികൾ കാണാനില്ല. ദേശീയപാത വികസനമെത്തുമ്പോൾ മൂന്നാം കുറ്റിയും മൺമറഞ്ഞേക്കും.
മാലിന്യ നിക്ഷേപ കേന്ദ്രം
മൂന്നാംകുറ്റിയിലെ ചരിത്ര സ്മാരകമാണ് ഈ വഴിക്കല്ല്. പുതിയകാലത്തിന് കൗതുകമുണർത്തുന്ന വഴിക്കല്ല് അടുത്തകാലംവരെ മറിഞ്ഞുവീഴാവുന്ന തരത്തിലായിരുന്നു. ക്ഷേത്ര മതിലിനോട് ചേർന്ന് നേരെ നിറുത്തി ചുറ്റം ടൈൽ പാകിയാണ് സംരക്ഷിച്ചിരിക്കുന്നത്. എന്നാലിപ്പോൾ കല്ലിനോട് ചേർന്നാണ് മാലിന്യം നിക്ഷേപിക്കുന്നത്. ദേശീയപാതയോരത്തെ ചരിത്ര സ്മാരകത്തോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നതിന് തടയിടാൻ അധികൃതരും ശ്രദ്ധിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |