കുമളി : ബൈക്കപകടത്തിൽ മരിച്ച അണക്കര വെള്ളറയിൽ ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹം സംസ്‌കരിച്ചു. അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളിയിലായിരുന്നു സംസ്‌കാരം. ഈ മാസം പതിനേഴിന് ചെല്ലാർകോവിൽ നടന്ന വാഹനാപകടത്തിലാണ് ഷാനറ്റ് മരിച്ചത്. ഷാനറ്റിന്റെ മാതാവ് ജിനു ലൂയിസ് കുവൈറ്റിൽ നിന്ന് എത്താൻ വൈകിയതുകൊണ്ടാണ് സംസ്കാര ചടങ്ങുകൾ നീണ്ടുപോയത്.
രണ്ടര മാസം മുമ്പാണ് വീട്ടുജോലിക്കായി ജിനു ലൂയിസ് കുവൈറ്റിലേക്ക് പോയത്. പ്ലസ്‌ടുവിന് താൻ നല്ല മാർക്ക് വാങ്ങിയാൽ സ്‌മാർട്ട് വാച്ച് വാങ്ങിത്തരണമെന്ന് ഷാനറ്റ് അമ്മയോട് പറഞ്ഞിരുന്നു. ഷാനറ്റ് മികച്ച വിജയം നേടുകയും ചെയ്തു. ആദ്യ ശമ്പളത്തിൽത്തന്നെ ഏക മകനായി സ്‌മാർട്ട് വാച്ച് വാങ്ങി കൈയിൽവച്ചു.
ജിനുവിന് ജോലിസ്ഥലത്ത് വലിയ കഷ്ടപ്പാടായിരുന്നു. വാഗ്ദാനം ചെയ്തത്ര ശമ്പളവും കിട്ടിയില്ല. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതോടെ തിരികെ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ ജിനു ഏജൻസിക്കാരുടെ തടവിലായി. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അവിടെ നിന്ന് രക്ഷപ്പെട്ടു.
നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ കൊവിഡ് വ്യാപനവും യുദ്ധ സാഹചര്യങ്ങളും മൂലം യാത്ര നടന്നില്ല. തുടർന്ന് സംസ്ഥാന സർക്കാരും എം പിമാരും കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളും അണക്കര സ്വദേശികളായ പ്രവാസികളും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായി കഴിഞ്ഞ ദിവസം ജിനു ലൂയിസ് നാട്ടിലെത്തി. ഏകമകനെ അവസാനമായി ഒരുനോക്കുകാണാനെത്തിയ ആ അമ്മ ചുറ്റുമുള്ളവരുടെ കണ്ണും ഈറനണിയിച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് നാലിനാണ് ജിനു അണക്കരയിലെ വീട്ടിലെത്തിയത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഷാനറ്റിന്റെ മൃതദേഹം ഇന്നലെ രാവിലെ 10ന് വീട്ടിലെത്തിച്ചു.
ഷാനറ്റ് ഏറെ ആഗ്രഹിച്ച സ്മാർട്ട് വാച്ചുമായിട്ടായിരുന്നു ജിനു എത്തിയത്. ഏറ്റുവാങ്ങാൻ മകനില്ലാതെ പോയി. ഷാനറ്റിന്റെ മൃതദേഹത്തിൽ അവനേറെ ഇഷ്ടപ്പെട്ട സ്മാർട്ട് വാച്ച് വച്ചുകൊണ്ടാണ് ആ അമ്മ യാത്രയാക്കിയത്.
സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും അടക്കം കനത്ത മഴയിലും നൂറുകണക്കിന് ആളുകളാണ് ഷാനറ്റിന് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ നിന്നും വിലാപയാത്ര ആരംഭിച്ച് ഏഴാം മൈൽ ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ എത്തിച്ച മൃതദേഹം നാലു മണി വരെ പൊതുദർശനത്തിന് വച്ചു. സംസ്‌കാര ചടങ്ങുകൾക്ക് യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പീലക്സിനോസ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |