പ്രയാഗ്‌രാജ്: തന്നെ തൊട്ടാൽ 35 കഷ്ണങ്ങളാക്കുമെന്ന് ആദ്യരാത്രിയിൽ നവവരനോട് നവവധുവിന്റെ ഭീഷണി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം നടന്നത്. തന്നെ തൊട്ടാൽ നിന്നെ 35 കഷ്ണങ്ങളാക്കുമെന്നും താൻ അമന് മാത്രം ഉള്ളതാണെന്നാണ് ആദ്യരാത്രി വധു പറഞ്ഞത്. സിതാര എന്ന വധുവാണ് വരൻ നിഷാദിന് മുന്നറിയിപ്പ് നൽകിയത്.
പ്രയാഗ്‌രാജിലെ എഡിഎ കോളനി പ്രദേശത്തെ 26കാരനാണ് നിഷാദ്. വിവാഹശേഷം മുറിയിലെത്തിയപ്പോഴാണ് നവവധു കെെയിൽ കത്തിയുമായി നിൽക്കുന്നത് നിഷാദ് കണ്ടത്. പിന്നാലെ ഭീഷണിയും മുഴക്കി. ഏപ്രിൽ 29നാണ് നിഷാദിന്റെയും സിതാരയുടെയും വിവാഹം നടന്നത്. ഏപ്രിൽ 30ന് വധു ഭർതൃവീട്ടിൽ എത്തി. മേയ് രണ്ടിന് വിവാഹ ആഘോഷങ്ങൾക്ക് ശേഷമാണ് ഇവർ മുറിയിൽ കയറിയത്. അപ്പോഴാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
'ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ നിശബ്ദയായി മുഖം മറച്ച് ഇരിക്കുകയായിരുന്നു. കെെയിൽ കത്തിയും ഉണ്ടായിരുന്നു. എന്നെ തൊടരുത്, ഞാൻ അമന്റെ സ്വത്താണ്. നീ എന്നെ തൊടാൻ ശ്രമിച്ചാൽ ഞാൻ നിന്നെ 35 കഷ്ണങ്ങളാക്കും എന്നാണ് അവൾ ആദ്യം പറഞ്ഞത്. അത് കേട്ട് ഞാൻ മരവിച്ചുപോയി. ആ രാത്രി മുഴുവൻ അവൾ ആ കത്തിയുമായി കട്ടിലിൽ കിടന്നു. ഞാൻ സോഫയിൽ ഇരുന്നു. എനിക്ക് ഉറങ്ങാൻ ധെെര്യം ഉണ്ടായിരുന്നില്ല' - നിഷാദ് പറഞ്ഞു.
മേയ് മൂന്നിന് ഇക്കാര്യം നിഷാദ് ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ സിതാരയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ, താൻ അമനെയാണ് സ്നേഹിക്കുന്നതെന്നും നിർബന്ധിപ്പിച്ചാണ് ഈ വിവാഹം നടത്തിയതെന്നും സിതാര സമ്മതിച്ചു. തുടർന്ന് നിഷാദിന്റെ പിതാവ് സിതാരയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. മേയ് 25ന് ഇരുകുടുംബങ്ങളും ഗ്രാമത്തിലെ മുതിർന്നവരും ഒരു കൂടിക്കാഴ്ച നടത്തി. അമനെ മറന്ന് നിഷാദിനൊപ്പം ജീവിക്കാൻ അവർ യുവതിയോട് ആവശ്യപ്പെട്ടു. ഇത് സിതാര അംഗീകരിക്കുകയും ചെയ്തു.
എന്നാൽ മേയ് 30ന് സിതാര വീട്ടിൽ നിന്ന് ഓടിപ്പോയി. മതിൽ ചാടിയാണ് സിതാര രക്ഷപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രശ്നം ഇരുകുടുംബങ്ങളും സംസാരിച്ച് പരിഹരിക്കാമെന്നാണ് പറഞ്ഞത്. ആ തീരുമാനം തങ്ങൾ മാനിച്ചെന്നും പൊലീസ് വ്യക്തമാക്കി. സിതാര തിരിച്ചുവന്നാൽ ഇനി സ്വീകരിക്കില്ലെന്നും നിഷാദ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |