കോതമംഗലം: പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിലൂടെയുള്ള യാത്ര എല്ലാ മഴക്കാലത്തും പ്രദേശവാസികൾക്ക് ഒരു പേടിസ്വപ്നമാണ്. ശക്തമായ മഴ പെയ്താൽ പുഴയിലെ ജലനിരപ്പ് ഉയർന്ന് ചപ്പാത്ത് മുങ്ങും. ഒന്നുകിൽ യാത്ര ഉപേക്ഷിക്കുക, അല്ലെങ്കിൽ കുത്തൊഴുക്കിനെ അതിജീവിച്ച് ചപ്പാത്തിലൂടെ നടന്നോ തോണിയിലോ മറുകരയെത്തുക എന്നതാണ് ഏകമാർഗം. ഇങ്ങനെയൊരു സാഹസിക യാത്രയിലാണ് മണികണ്ഠൻചാൽ സ്വദേശി ബിജുവിനെ പുഴയെടുത്തത്.
ഐഷാസ് ബസിലെ ജീവനക്കാരനായിരുന്ന ബിജു, രാവിലെ ബസിന്റെ ആദ്യ ട്രിപ്പിൽ ജോലിക്ക് കയറാനുള്ള തിടുക്കത്തിൽ ഒഴുക്കിനെ വകവയ്ക്കാതെ ചപ്പാത്തിലൂടെ നടന്നുനീങ്ങുകയായിരുന്നു. എന്നാൽ, കുത്തൊഴുക്ക് മറുകരയെത്താൻ അനുവദിച്ചില്ല. പകുതിയോളം എത്തിയപ്പോഴേക്കും ബിജു ഒഴുക്കിൽപ്പെട്ടു. മുന്നിലുണ്ടായിരുന്ന മറ്റൊരാൾ സുരക്ഷിതമായി മറുകരയിലെത്തിയിരുന്നു. സാധാരണയായി ഐഷാസ് ബസ് മണികണ്ഠൻചാലിലാണ് രാത്രി നിറുത്തിയിടുന്നത്. എന്നാൽ, ചപ്പാത്തിൽ വെള്ളമായതിനാൽ ചൊവ്വാഴ്ച അവസാന ട്രിപ്പ് മണികണ്ഠൻചാലിലേക്ക് പോകാൻ കഴിയാതെ പൂയംകുട്ടിയിൽ അവസാനിപ്പിക്കുകയായിരുന്നു. ഇതാണ് ബിജുവിന് ചപ്പാത്തിലൂടെ നടക്കേണ്ടിവന്ന സാഹചര്യമുണ്ടാക്കിയത്. ബിജു ഒഴുക്കിൽപ്പെടുന്നതിന് കരയിലുണ്ടായിരുന്ന മറ്റൊരു നാട്ടുകാരനാണ് ഏക ദൃക്‌സാക്ഷി. എന്നാൽ, അദ്ദേഹത്തിന് നിസഹായനാകാനേ കഴിഞ്ഞുള്ളൂ.
മഴയെത്തിയാൽ ദുരിതം
മണികണ്ഠൻചാൽ, വെള്ളാരംകുത്ത്, ഇറിയംപെട്ടി എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിലുള്ളവരും സാധാരണക്കാരും ചപ്പാത്തിലൂടെയാണ് യാത്ര ചെയ്യേണ്ടിവരുന്നത്. പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയിലോ കോതമംഗലം ഉൾപ്പെടെയുള്ള മറ്റ് ടൗണുകളിലോ എത്തേണ്ട വിദ്യാർത്ഥികൾക്കും രോഗികൾക്കും മറ്റൊരു യാത്രാമാർഗമില്ല. ചപ്പാത്ത് മുങ്ങുകയും ഏതെങ്കിലും കരയിൽ യാത്ര മുടങ്ങുകയും ചെയ്യുന്നത് മഴക്കാലത്ത് പതിവാണ്. മറ്റു സ്ഥലങ്ങളിൽ പോയശേഷം തിരികെ വീടുകളിലേക്കുള്ള യാത്രയിൽ വൈകിട്ടും രാത്രിയുമെല്ലാം പൂയംകുട്ടിയിൽ കുടുങ്ങിക്കിടക്കേണ്ടിവന്നവർ നിരവധിയാണ്. ഓരോ യാത്രയിലും ഇവർ ഭയപ്പെട്ടിരുന്നതുപോലെയുള്ള അപകടമാണ് ബിജുവിനെ തേടിയെത്തിയത്. പാലം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതുവരെ ഇത്തരം അപകടങ്ങൾ ഇനിയും നേരിടേണ്ടിവരാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
പാലം എന്ന സ്വപ്‌നം:
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്
മണികണ്ഠൻചാൽ ചപ്പാത്തിൽ പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിമാറിവരുന്ന സർക്കാരുകൾക്ക് ഈ ആവശ്യം നിറവേറ്റിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പല സംസ്ഥാന ബഡ്ജറ്റുകളിലും പാലത്തിന് പരിഗണന ലഭിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ പ്രതിസന്ധിയിലാണ്. വനംവകുപ്പാണ് പ്രധാന തടസം. ഇരുകരകളിലും വനംഭൂമി ആവശ്യമായതിനാൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ പാലം നിർമ്മാണം സാദ്ധ്യമല്ല. ഓരോ കാരണങ്ങൾ പറഞ്ഞ് വനംവകുപ്പ് എൻ.ഒ.സി. നിഷേധിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാലം നിർമ്മിക്കുന്നതിനായി മുറിക്കേണ്ട മരങ്ങളുടെ എണ്ണത്തിന്റെ പേരിൽ പോലും വനംവകുപ്പ് തടസം ഉന്നയിക്കുന്നുണ്ട്.
മണികണ്ഠൻചാലിൽ പാലം നിർമ്മിക്കേണ്ടത് അനിവാര്യമാണ്. ഒൻപത് വർഷമായി പ്രഖ്യാപനങ്ങൾ മാത്രം നടത്തി സർക്കാർ ജനങ്ങളെ പറ്റിക്കുകയാണ്. സർക്കാരിന്റെ അവഗണനയിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്
പി.എ.എം. ബഷീർ
പ്രസിഡന്റ്
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |