വെള്ളറട: സർക്കാർ ഭൂമിയിൽ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോഴും സർക്കാർ ഓഫീസുകൾ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വെള്ളറട പഞ്ചായത്തിലെ ആനപ്പാറയിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്കായി പണികഴിപ്പിച്ച കെട്ടിടങ്ങളും വിവിധ വകുപ്പുകളുടെ സ്ഥലവും ഉപയോഗശൂന്യമായി കിടക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ ഓഫീസുകളുടെ കെട്ടിട വാടകയായി വർഷവും ഖജനാവിൽ നിന്നും നൽകുന്നത്. വെള്ളറടയിൽ ഒരു ഓഫീസ് കോംപ്ലക്സ് പണികഴിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനവും നിലവിലുണ്ട്. ആനപ്പാറയിൽ സ്ഥലം ആവശ്യത്തിലേറെയുള്ളപ്പോൾ ഇവിടെ ഒരു ഓഫീസ് കോംപ്ലക്സ് പണികഴിപ്പിച്ചാൽ സബ് ട്രഷറിയും ഫയർസ്റ്റേഷനും രജിസ്റ്റാർ ഓഫീസും പോസ്റ്റ് ഓഫീസും പ്രവൃത്തിപ്പാക്കാനാകും. ആനപ്പാറയിൽ ഉണ്ടായിരുന്ന ചന്തയ്ക്ക് സ്ഥലം നൽകാൻ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ തയ്യാറാകാത്തതിനാൽ കാരമൂട്ടിലെ റോഡുവക്കിലാണിപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനും പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആനപ്പാറ,ചുരുളി,മണലി,പനയാട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പിട്ട നിവേദനം ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിട്ടുണ്ട്. 500 ഓളം നാട്ടുകാരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.
കെട്ടിടങ്ങൾ നിർമ്മിക്കണം
വനംവകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സ്ഥലവും കെട്ടിടവുമാണ് വെറുതെ കിടക്കുന്നത്. ഈ സ്ഥലങ്ങൾ ഗ്രാമവികസന വകുപ്പ് ഏറ്റെടുത്ത് പഞ്ചായത്തിലെ സർക്കാർ ഓഫീസുകൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫയർസ്റ്റേഷൻ സ്ഥാപിക്കണം
വെള്ളറടയിൽ അഗ്നിബാധയുണ്ടായാൽ ഇരുപതും പതിനഞ്ചും കിലോമീറ്റർ അപ്പുറമുള്ള നെയ്യാർഡാം,കാട്ടാക്കട,പാറശാല,നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തേണ്ട അവസ്ഥയാണ്. അടിയന്തരമായി ഫയർസ്റ്റേഷൻ ആനപ്പാറയിൽ സ്ഥാപിക്കാൻ നടപടിവേണമെന്നും വെള്ളറടയിലെ ഹോമിയോ ആശുപത്രിക്ക് ഒരു കെട്ടിടം നിർമ്മിച്ചു നൽകണമെന്നും വനംവകുപ്പും ആഭ്യന്തരവകുപ്പും സ്ഥലം നൽകാത്തതിനെ തുടർന്ന് റോഡുവക്കിൽ പ്രവർത്തിക്കുന്ന ചന്ത സൗകര്യ പ്രദമായ സ്ഥലത്ത് പ്രവർത്തിക്കാൻ നടപടിവേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുടെ സ്കെച്ചും പ്ലാനും ഉൾപ്പെടെയാണ് നിവേദനം നൽകിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |