കണ്ണൂർ: 'രാത്രി വീട്ടിൽ എത്തി കിടന്നുറങ്ങി. പക്ഷേ എങ്ങനെ വീട്ടിലെത്തി എന്ന് എത്ര ആലോചിച്ചിട്ടും ഓർമ്മകിട്ടിയില്ല. വീടിന് പുറത്ത് പതിവായി നിർത്തിയിടുന്ന സ്ഥലത്ത് ബൈക്ക് കാണാതായപ്പോൾ ഞെട്ടി. കടുത്ത മദ്യപാനത്തിനിടയിൽ സ്വബോധം നഷ്ടപ്പെട്ടപ്പോൾ ബൈക്ക് മോഷണം പോയെന്ന് വിശ്വസിച്ചു.കണ്ണൂർ ജില്ലയിലെ ഒരു അദ്ധ്യാപകൻ ലഹരിക്ക് അടിമയായ പ്രതിസന്ധികാലത്തെ ഓർമ്മകൾ പറഞ്ഞുതുടങ്ങിയത് ഇങ്ങനെ.
'രണ്ട് മൂന്ന് പെഗ്ഗിൽ നിർത്താമെന്ന് കരുതി ബാറിൽ നിന്ന് പുറത്തിറങ്ങും. പക്ഷേ 15 മിനിറ്റ് കഴിയുമ്പോൾ , ഇനിയും വേണമെന്ന ചിന്ത ഉയരും. പിന്നെ അടുത്ത ബാറിലേക്ക്. ഏഴുവർഷം മുമ്പത്തെ തന്റെ ജീവിതം ജോലിക്കും കുടുംബജീവിതത്തിനും സാമൂഹ്യജീവിതത്തിനുമൊക്കെ വെല്ലുവിളി സൃഷ്ടിച്ച വിനാശം അദ്ദേഹം പങ്കുവച്ചു.
ആരോ ഒരാൾ ഇവിടെ എത്തിച്ച് പോകുകയായിരുന്നുവെന്നായിരുന്നു ഭാര്യ പറഞ്ഞത്. നാണക്കേട് ഭയന്ന് പൊലീസിൽ പരാതി നൽകിയില്ല. ആഴ്ചകളോളം ബൈക്ക് അന്വേഷിച്ച് നടന്നു.നിർബാധം മദ്യപാനശീലവും തുടർന്നു.നാളുകൾ കഴിഞ്ഞ് ഒരു ബാറിൽ വച്ച് പരിചയപ്പെട്ട ഒരാളാണ് അമിതമായി മദ്യപിച്ച ഒരാളെ വീട്ടിൽ കൊണ്ടുവിട്ട വിവരം പറഞ്ഞത്. ആളുടെ പേരോ വീട് എവിടെയാണെന്നോ ഓർമ്മയില്ലാതെ മദ്യലഹരിയിലായിരുന്നു അയാളും.അയാൾ കൊണ്ടുവിട്ടത് തന്നെയാണെന്ന് മനസിലാക്കിയ അദ്ധ്യാപകൻ ആ ബാറിലെ സെക്യൂരിറ്റിയുമായി സംസാരിച്ച് ബൈക്കിന്റെ അടയാളങ്ങൾ നൽകി. ഗോഡൗണിലേക്ക് കൊണ്ടുപോയ സെക്യുരിറ്റി കാണിച്ചുകൊടുത്ത ബൈക്ക് തന്റേതാണെന്ന് അദ്ധ്യാപകന് മനസിലായി.അജ്ഞാത ബൈക്കിനെ കുറിച്ച് പൊലീസിൽ അറിയിക്കാൻ ബാർ അധികൃതർ തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഇത്.
എ.എ തുണച്ചു; ഡിവോഴ്സിൽ നിന്ന് രക്ഷപ്പെട്ടു
ഈ സംഭവം അക്ഷരാർത്ഥത്തിൽ തന്റെ കണ്ണുതുറപ്പിച്ചുവെന്ന് അദ്ധ്യാപകൻ ഓർമ്മിച്ചെടുക്കുന്നു. മദ്യപാനം എങ്ങനെ നിർത്താമെന്ന ആലോചന എത്തിച്ചത് ആൽക്കഹോളിക്സ് അനോണിമസ് (എ.എ) എന്ന കൂട്ടായ്മയിലേക്ക്. ഇന്നിപ്പോൾ മദ്യം തൊടാതെ ഏഴ് വർഷം കഴിഞ്ഞു. ഏറെക്കുറെ ഡിവോഴ്സിലേക്ക് എത്തിയിരുന്ന കുടുംബജീവിതം രക്ഷപ്പെട്ട് സന്തോഷം തിരിച്ചുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആൽക്കഹോളിക്സ് അനോണിമസിന്റെ നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മനഃശാസ്ത്രജ്ഞരും ഡോക്ടർമാരും എ.എയുടെ ഫലപ്രാപ്തിയെ അംഗീകരിക്കുന്നു. ഗ്രൂപ്പ് തെറാപ്പിയുടെ ശക്തിയും സ്പിരിച്വൽ അവേർനെസ്സും പരസ്പര പിന്തുണയുമാണ് എ.എ യുടെ വിജയക്കൂട്ട്.
സൗജന്യ സേവനം: യാതൊരു ഫീസും ഈടാക്കുന്നില്ല
പങ്കെടുക്കുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നു
അത്യാവശ്യ സമയങ്ങളിൽ ഫോൺ വഴി സഹായം
ഫോൺ: 9037844839. 9447961177.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |