കൊല്ലം: അപകടാവസ്ഥയിലുള്ള പേഴുംതുരുത്ത് ബോട്ട് ജെട്ടി എത്രയും വേഗം നവീകരിക്കണമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടാൻ മൺറോത്തുരുത്ത് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ബോട്ട് ജെട്ടിയുടെ അവസ്ഥയും യാത്രക്കാരുടെ ദുരവസ്ഥയും ചൂണ്ടിക്കാട്ടി 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് പഞ്ചായത്തിന്റെ ഇടപെടൽ.
പേഴുംതുരുത്തിന് പുറമേ പഴങ്ങാലം, പട്ടംതുരുത്ത് ബോട്ട്ജെട്ടികളുടെ നവീകരണവും ആവശ്യപ്പെടും. ഇക്കാര്യം ഉന്നയിച്ച് മന്ത്രിയെ നേരിൽ കാണാനും ആലോചനയുണ്ട്. കാലവർഷം ശക്തമാകുമ്പോൾ ബോട്ട് ജെട്ടി തകർന്നാൽ വൻ ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യത മന്ത്രിയെ ബോദ്ധ്യപ്പെടുത്തും. ജെട്ടിക്ക് സമീപം ബോട്ട് എത്തുമ്പോൾ കുറ്റിയിൽ കയർ കുരുക്കിയാണ് കൃത്യമായി അടുപ്പിക്കേണ്ടത്. നേരത്തെയുണ്ടായിരുന്ന തെങ്ങിൻകുറ്റി ദ്രവിച്ച് പോയതിനാൽ ബോട്ടിലെ ജീവനക്കാർ ജെട്ടിയിലേക്ക് ചാടിയിറങ്ങിയ ശേഷം ഗ്രില്ലിൽ കുരുക്കിയാണ് അടുപ്പിക്കുന്നത്. കയറുന്നതിനും ഇറങ്ങുന്നതിനും ഇടയിൽ ഗ്രിൽ തകർന്നാൽ യാത്രക്കാർ വെള്ളത്തിൽ വീഴുമെന്ന കാര്യം ഉറപ്പാണ്.
സ്റ്റേ സർവ്വീസ് പുനരാരംഭിക്കണം
നാല് വർഷം മുൻപ് നിലച്ച മൺറോത്തുരുത്ത്- തിരുവനന്തപുരം സ്റ്റേ സർവ്വീസ് പുനരാരംഭിക്കണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. രാവിലെ പുറപ്പെടുന്ന ഈ ബസിനെയാണ് തിരുവനന്തപുരം മെഡി. ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാൻ മൺറോത്തുരുത്തുകാർ ആശ്രയിച്ചിരുന്നത്. ജീവനക്കാർക്ക് തങ്ങാൻ സൗകര്യമില്ലെന്ന് പറഞ്ഞാണ് സർവീസ് നിറുത്തിയത്.
പേഴുംതുരുത്ത് ബോട്ട് ജെട്ടി നവീകരിക്കണമെന്ന് പഞ്ചായത്തിന് നാട്ടുകാർ നിവേദനം നൽകിയിരുന്നു. ഇതിന് പുറമേ കെ.എസ്.ആർ.ടി.സി സ്റ്റേ സർവീസ് പുനരാരംഭിക്കാനായി ജീവനക്കാർക്ക് തങ്ങാനുള്ള സൗകര്യവും നാട്ടുകാരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്
എസ്. അഭിജിത്ത്, പഞ്ചായത്ത് മുൻ വികസന സിഥിരം സമിതി അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |