വടക്കഞ്ചേരി: ട്രോളിംഗ് നിരോധനം മുതലെടുത്ത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ വിപണിയിൽ വ്യാപകമാകുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന മീനുകളാണിവ.
ചൂര, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് ഫോർമാലിനടക്കമുള്ള രാസവസ്തുക്കൾ കലർത്തി എത്തുന്നത്. കാഴ്ചയിൽ പച്ചയാണെന്ന് തോന്നും. പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും പരാതിയുണ്ട്. വിപണിയിൽ ഫോർമാലിൻ കലർത്തിയ മീൻ വ്യാപകമായിട്ടും ചെക്ക് പോസ്റ്റുകളിലടക്കം പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാകുന്നില്ല. കേരള തീരത്തെ മത്സ്യത്തിന്റെ നാലിലൊന്നു വിലയ്ക്ക് ലഭിക്കുന്ന മത്സ്യം കച്ചവടക്കാർ നാലിരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. റോഡ് മാർഗമെത്തുന്നതിന്റെ രണ്ടിരട്ടി മത്സ്യം ട്രെയിൻ വഴിയും എത്തുന്നുണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്താൻ അധികാരമില്ല. ഫോർമാലിൻ തളിച്ച മീനുകളുടെ ചെകിളപ്പൂക്കൾക്കും കണ്ണിനും നിറവ്യത്യാസമുണ്ടാകും. തൊലിപ്പുറത്തെ മിനുമിനുപ്പ് ഉണ്ടാകില്ല. തൊലിപ്പുറത്ത് ദുർഗന്ധമുള്ള ദ്രാവകമുണ്ടാകും. കറിയാകുമ്പോൾ മാംസത്തിനു നിറവ്യത്യാസവും, മൃദുത്വവുമുണ്ടാകുമെന്നും ഇത്തരത്തിലുള്ള മീൻ ഭക്ഷിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
പരിശോധിക്കാതെ ഭക്ഷ്യസുരക്ഷാവകുപ്പ്
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് കടൽ മത്സ്യം എത്തിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കേടാകാതെ എത്തിക്കുന്നതിന് ശീതീകരണത്തിന് ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളുള്ള വാഹനങ്ങളാണ് ഉപയോഗിക്കേണ്ടത്. വാഹനത്തിനുള്ളിൽ മത്സ്യം സൂക്ഷിക്കുന്നിടത്തെ താപനില മൈനസ് 14 ഡിഗ്രി നിലനിറുത്തേണ്ടതുണ്ട്. അല്ലെങ്കിൽ മത്സ്യത്തിന്റെ തൂക്കത്തിനൊപ്പം ഐസ് ഇട്ട് സൂക്ഷിക്കാം. യാത്രയ്ക്കിടയിൽ ഉരുകുന്നതിനനുസരിച്ച് ഐസ് ഇട്ടു കൊടുക്കുകയും വേണം. ഇതൊന്നും പാലിക്കാതെ മിനി ലോറികളിൽ മൂടിക്കെട്ടിയാണ് മത്സ്യം കൊണ്ടുവരുന്നത്. മത്സ്യം വാങ്ങുമ്പോൾ പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |