തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകൾക്കും ജലസംഭരണികൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് നിർദ്ദേശങ്ങൾ തേടിയാണിത്.ജലസംഭരണികൾക്ക് ചുറ്റിലും 20 മീറ്റർ ബഫർസോൺ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവരിൽ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ പിൻവലിച്ചിരുന്നു. ഇതിനു പകരമായി പുതിയ നിയമം ഇറക്കുന്നതിന്റെ ആദ്യപടിയായാണ് സർവകക്ഷി യോഗം വിളിച്ചുചേർത്തത്. സംസ്ഥാനത്ത് പല ഡാമുകളുടെയും സമീപ പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളായതിനാൽ നിർമ്മാണ നിയന്ത്റണം ഏർപ്പെടുത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്റി യോഗത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഇക്കാര്യത്തിലടക്കം ഇളവുകൾ ഉൾപ്പെടുത്തിയാകും പുതിയ ഉത്തരവിറക്കുക. പുതുക്കിയ ഉത്തരവിന്റെ കരട് തയാറാക്കി രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |