ബാങ്കോക്ക്: വീണ്ടും കഞ്ചാവ് ഉപയോഗം നിരോധിച്ച് തായ്‌ലൻഡ് സർക്കാർ. 2022ലായിരുന്നു കഞ്ചാവ് നിയമവിധേയമാക്കിയത്. ഇതോടെ കഞ്ചാവ് വ്യവസായം അതിവേഗം വളർന്നു. 2025 ആകുമ്പോഴേക്കും രാജ്യത്ത് കഞ്ചാവ് വ്യവസായത്തിന്റെ മൂല്യം 1.2 ബില്യൺ ഡോളറിലെത്തുമെന്ന് തായ് ചേംബർ ഓഫ് കൊമേഴ്സ് മുമ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
വിനോദ ഉപയോഗത്തിനായി കഞ്ചാവ് വിൽക്കുന്നത് പൂർണമായും നിരോധിച്ചു. കൂടാതെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഞ്ചാവ് നൽകരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. അനിയന്ത്രിതമായ കഞ്ചാവ് ഉപയോഗം ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. മെഡിക്കൽ ഉപയോഗത്തിനായി മാത്രം കഞ്ചാവ് ഉപയോഗിക്കുക എന്ന യഥാർത്ഥ ലക്ഷ്യത്തിലേക്ക് മടങ്ങണമെന്ന് സർക്കാർ വക്താവ് ജിരായു ഹൗങ്സബ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
കഞ്ചാവ് വ്യവസായ തൊഴിലാളികളും ബിസിനസ് ഉടമകളും നയംമാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലരുടെയും പ്രധാന വരുമാന സ്രോതസ് ഇതാണ്. നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വിനോദ മേഖലയിൽ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാക്കിയ ആദ്യ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്. ലഹരി മരുന്നുകളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ ഒഴിവാക്കുകയും ചെയ്‌തു. ഇതോടെ ബാങ്കോക്ക്, പട്ടായ, ചിയാങ് മായ് തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ പതിനായിരക്കണക്കിന് ഡിസ്‌പെൻസറികൾ തുറന്നു. ഇത് ടൂറിസം മേഖലയ്ക്കും ഉണർവായി. കഞ്ചാവ് തേടി ടൂറിസ്റ്റുകൾ എത്താൻ തുടങ്ങി. മാത്രമല്ല കേരളമടക്കമുള്ളയിടങ്ങളിലേക്ക് ഇത് കടത്താനും തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |