തിരുവനന്തപുരം: രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്ന് ഗവർണർ ആർ.വി. ആർലേക്കർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകി.
സർക്കാർ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ല. ഇനിയുള്ള പരിപാടികളിൽ ഇത് ഒഴിവാക്കണം. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടേത് പാടില്ല. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിലുള്ള സർക്കാരിന്റെ പ്രതിഷേധം അറിയിക്കുന്നെന്നും കത്തിലുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഗവർണറെ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, ഭാരതാംബ ചിത്രം ഒഴിവാക്കണമെന്ന് ഉപദേശ രൂപത്തിലല്ല, നിർദ്ദേശം പോലെയാണ് കത്തെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. മുംബയ്, ഗോവ എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷം ജൂലായ് രണ്ടിന് ഗവർണർ തിരിച്ചെത്തിയ ശേഷം മറുപടി നൽകും.
ഔദ്യോഗിക ചിഹ്നങ്ങൾക്ക് പുറമെയുള്ളവ സർക്കാർ പരിപാടികളിൽ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശം സർക്കാരിന് കിട്ടിയതായി കത്തിൽ പറയുന്നു. ഭാരതാംബയുടെ ചിത്രം സംസ്ഥാനം നിർബന്ധമായും പാലിക്കേണ്ട ഭരണഘടനാ പ്രതീകമല്ലെന്ന നിലപാടാണ് സർക്കാരിന്. സർക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങളിലോ കീഴ്വഴക്കങ്ങളിലോ ഉൾപ്പെടാത്ത കാര്യങ്ങൾ ചടങ്ങുകളിൽ ഉൾപ്പെടുത്തരുതെന്നാണ് ഗവർണറെ അറിയിച്ചിട്ടുള്ളത്.
ഭാരതാംബ ചിത്രം ഉപയോഗിച്ചതിനെത്തുടർന്ന് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ ചടങ്ങ് സർക്കാർ റദ്ദാക്കിയിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പുരസ്കാരദാന ചടങ്ങിൽ ഭാരതാംബ ചിത്രമുള്ളതിനാൽ മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ബുധനാഴ്ച ഗവർണർ പങ്കെടുത്ത കേരള സർവകലാശാല സെനറ്റ് ഹാളിലെ സ്വകാര്യചടങ്ങിൽ ഭാരതാംബ ചിത്രത്തെച്ചൊല്ലി വൻ സംഘർഷമുണ്ടായി.
വീട്ടുവീഴ്ചയില്ലെന്ന് ഗവർണർ
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലി കത്തുകളിൽ ഏറ്റുമുട്ടി ഗവർണർ ആർ.വി. ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും. ഭാരതാംബയെന്ന ആശയം ഇന്നും ഇന്നലെയും ഉണ്ടായതല്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ലെന്നും മുഖ്യമന്ത്രിക്കയച്ച മറുപടിക്കത്തിൽ ഗവർണർ വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം ഔദ്യോഗികചടങ്ങുകളിൽ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു.
വന്ദേമാതരം എന്നതിന്റെ അർത്ഥം അമ്മേ പ്രണാമം എന്നാണെന്ന് ഗവർണർ വിശദീകരിക്കുന്നു. ഇന്ത്യയെ അമ്മയായാണ് അക്കാലം മുതൽ കണ്ടിരുന്നത്. അതിനാൽ ഭാരതാംബയെ റോഡിലേക്ക് വലിച്ചിഴച്ച് ക്രമസമാധാന പ്രശ്നമുണ്ടാക്കരുത്. എല്ലാവരുടേതുമാണ് ഭാരതാംബ. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ്. സ്വാതന്ത്ര്യത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ പ്രതീകമാണ്. അതിനാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല.
കാവിയെന്നത് ഒരു രാഷ്ട്രീയ സംഘടനയുടെയും നിറമല്ല. ത്യാഗത്തിന്റെ നിറമാണ് കാവിയെന്നാണ് ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകളിൽ ജവഹർലാൽ നെഹ്റുവും ഡോ.എസ്.രാധാകൃഷ്ണനും പ്രകീർത്തിച്ചത്. രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും ത്യാഗസന്നദ്ധരായിരിക്കണം. അതിന്റെ അടയാളമാണ് കാവി. രാജ്ഭവന് രാഷ്ട്രീയ നിറം നൽകാൻ ശ്രമിക്കരുത്. ഐക്യത്തോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്.
മന്ത്രി വി.ശിവൻകുട്ടി കുട്ടികളുടെ മുന്നിൽ വച്ച് പ്രതിഷേധിച്ചിറങ്ങിപ്പോയത് ശരിയായില്ല. പ്രോട്ടോക്കോൾ ലംഘിച്ചെന്ന് തനിക്ക് പരാതിയില്ല. പ്രോട്ടോക്കോൾ ഓരോരുത്തരും പാലിക്കേണ്ടതാണ്. മന്ത്രി സ്വന്തം ഉത്തരവാദിത്വം മറന്നാണ് പെരുമാറിയത്. സ്വയം ചിന്തിക്കുകയാണ് വേണ്ടത്. രാജ്ഭവന്റെ കടുത്ത അതൃപ്തി അറിയിക്കുന്നു - ഗവർണർ കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |