കോട്ടയം: കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിച്ചുള്ള ചമ്പക്കുളം മൂലം വള്ളംകളിക്ക് രണ്ടാഴ്ച ശേഷിക്കേ കുമരകം ടൗൺ ബോട്ട് ക്ലബ് പരിശീലനം തുടങ്ങി. ആഗസ്റ്റ് അവസാനം പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫിക്കായി തിരഞ്ഞെടുത്ത 125 അംഗ ടീമിലെ പകുതി തുഴച്ചിൽക്കാരുമായി അമ്പലക്കടവൻ വെപ്പുവള്ളത്തിലാണ് ടൗൺ ബോട്ട് ക്ലബ് ചമ്പക്കുളത്താറ്റിൽ തുഴയുക.
ശാരീരിക ക്ഷമത പരിശോധിച്ചാണ് തുഴച്ചിൽക്കാരെ നെഹ്‌റു ട്രോഫിക്കും ബോട്ട് ലീഗ് മത്സരത്തിനുമായി തിരഞ്ഞെടുത്തതെന്ന് ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് വി.എസ്. സുഗേഷ് പറഞ്ഞു. പായിപ്പാടൻ പുത്തൻ ചുണ്ടനിലാണ് നെഹ്റു ട്രോഫിക്കായി മത്സരിക്കുക. 30 വയസാണ് തുഴച്ചിൽകാരുടെ ആവറേജ് പ്രായം. കുമരകം എസ്.കെ.എം ഗ്രൗണ്ടിൽ ഫിസിക്കൽ പ്രാക്ടീസ് ആരംഭിച്ചു. പരിശീലന തുഴച്ചിൽ അടുത്ത മാസം ആരംഭിക്കും.
ഈ വർഷത്തെ നെഹ്റു ട്രോഫിക്ക് കുമരകത്തു നിന്ന് മൂന്നു ചുണ്ടൻ വള്ളങ്ങൾ ഉണ്ടാകും. ടൗൺബോട്ട് ക്ലബ്ബിനു പുറമേ ഇമ്മാനുവൽ ബോട്ട് ക്ലബ്ബ് കുമരകംകാരുടെ സ്വന്തം നടുവിലേപറമ്പൻ ( പഴയ ഇല്ലിക്കളം ചുണ്ടൻ ) ചുണ്ടനിലാണ് മത്സരിക്കുക. അവരും ടീം സെലക്ഷൻ നടത്തിവരുന്നു. ഫൈബർചുണ്ടനിലാണ് പരിശീലനം നടത്തുന്നത്. കുമരകം ബോട്ട് ക്ലബ്ബും നെഹൃ ട്രോഫി മത്സരത്തിനുണ്ടായേക്കും .ചുണ്ടൻ തീരുമാനിച്ചിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന്റെ അവഗണന
ബോട്ട് ക്ലബുകളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സാമ്പത്തിക സഹായം വൈകി. കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫിയുടെ പ്രൈസ് മണി കിട്ടാൻമാസങ്ങളെടുത്തു. കേരള ബോട്ട് ലീഗിന്റെ പണം കിട്ടിയത് ഒരു മാസം മുമ്പായിരുന്നു. പഴയ കടം വീട്ടി വീണ്ടും മത്സരത്തിനിറങ്ങേണ്ട ഗതികേടിലാണ് ക്ലബുകൾ.
ഒരു മാസത്തെ നെഹ്റു ട്രോഫി പരിശീലനത്തിന് ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ക്ലബിന് 24 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെങ്കിലും വള്ളംകളിയോടുള്ള ആവേശത്താൽ വീണ്ടും മത്സരിക്കുകയാണ്.
വി.എസ്. സുഗേഷ് (കുമരകം ടൗൺബോട്ട് ക്ലബ്ബ് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |