മുംബയ്: പ്രിയങ്ക ചോപ്രയുടേതെന്ന പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി താരം. വൈറലാകാനുള്ള എളുപ്പവഴിയാണ് സോഷ്യൽ മീഡിയ. അതിൽ വരുന്ന എല്ലാ വാർത്തകളും പോസ്റ്റും വിശ്വസിക്കരുത് എന്ന് നടി ആരാധകർക്ക് ഉപദേശവും നൽകി.
'കന്യകയായ വധുവിനെ തേടരുത്. പകരം നല്ല പെരുമാറ്റമുള്ള ഒരു സ്‌ത്രീയെ നേടുക. കന്യകാത്വം ഒറ്റ രാത്രികൊണ്ട് അവസാനിക്കും. പക്ഷേ പെരുമാറ്റം എന്നെന്നേക്കുമായി നിലനിൽക്കും' - ന്യൂസ് പോർട്ടലായ ദി ബ്രീഫ് ആണ് പ്രിയങ്ക ചോപ്ര പറഞ്ഞു എന്ന തരത്തിൽ ഈ വാർത്ത ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിച്ചത്. ഇത് വളരെയധികം വൈറലായി. പിന്നാലെയാണ് വാർത്തയുടെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്‌തുകൊണ്ട് നടി പ്രതികരിച്ചത്.
ഇത് വ്യാജവാർത്തയാണെന്ന് നടി സ്ഥിരീകരിച്ചു. ഇത് താനല്ല. തന്റെ ശബ്‌ദമോ വാക്കുകളോ അല്ലെന്നും നടി വ്യക്തമാക്കി. 'ഓൺലൈനിൽ വന്നതുകൊണ്ട് എല്ലാം സത്യമാകണമെന്നില്ല. സോഷ്യൽ മീഡിയയുടെ കാലത്ത് വ്യാജ വാർത്തകൾ വളരെ വേഗം വൈറലാകും. ഇത്തരം വാർത്തകൾ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് സത്യാവസ്ഥ പരിശോധിക്കണം. വ്യാജ ഉള്ളടക്കം സൃഷ്‌ടിക്കുന്നത് ഇപ്പോൾ വൈറലാകാനുള്ള എളുപ്പ മാർഗമാണ്. വായനക്കാരും വെർച്വൽ ലോകത്ത് സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണം. ഈ വാർത്തയുമായി ബന്ധപ്പെട്ട് വരുന്ന ലിങ്കുകളൊന്നും യഥാർത്ഥമോ വിശ്വസനീയമോ അല്ല' - പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആക്ഷൻ - ത്രില്ലർ ചിത്രമായ 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്' ആണ് പ്രിയങ്ക ചോപ്ര നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഇഡ്രിസ് എൽബ, ജോൺ സീന, കാർല ഗുഗിനോ, ജാക്ക് ക്വയ്ഡ്, സ്റ്റീഫൻ റൂട്ട്, സാറാ നൈൽസ്, റിച്ചാർഡ് കോയിൽ, പാഡി കോൺസിഡൈൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 'ദി സൂയിസൈഡ് സ്ക്വാഡി'ന് ശേഷം ജോൺ സീനയും ഇഡ്രിസ് എൽബയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |