ന്യൂഡൽഹി: അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയിൽ ചേർത്ത സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ നീക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ഡൽഹിയിൽ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1976ൽ അടിയന്തരാവസ്ഥക്കാലത്ത് പാർലമെന്റ് ചേർന്ന് ചർച്ചകളില്ലാതെ നിർബന്ധിത ഭേദഗതി വരുത്തിയാണ് ഈ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്. ഇത് ഇന്ത്യയുടെ ധാർമ്മികതയുമായും ദർശനങ്ങളുമായും യോജിക്കുന്നുണ്ടോ എന്നത് ചർച്ച ചെയ്യണം. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഇന്ന് ഭരണഘടനയുടെ പകർപ്പുമായി സഞ്ചരിക്കുകയാണ്. പൂർവ്വികർ ചെയ്‌ത തെറ്റിന് രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ച് ഹൊസബലെ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് ആളുകളെ തടവിലാക്കുകയും നീതിന്യായ വ്യവസ്ഥയെയും മാദ്ധ്യമങ്ങളെയും അടിച്ചമർത്തുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് വലിയ തോതിൽ നിർബന്ധിത വന്ധ്യകരണം നടന്നെന്നും ആരോപിച്ചു.
പ്രതിഷേധിച്ച്
കോൺ., സി.പി.എം
മനുസ്‌മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാത്തതിന്റെ പേരിൽ ആർ.എസ്.എസ് ഭരണഘടനയെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പ്രതികരിച്ചു. പുതിയ ഭരണഘടനയ്ക്കായി ആഹ്വാനം ചെയ്തവരാണ് ആർ.എസ്.എസും ബി.ജെ.പിയും.
ഭരണഘടനയെ അട്ടിമറിക്കാനും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുമുള്ള ആർ.എസ്.എസ് ലക്ഷ്യമാണ് പുറത്തുവന്നതെന്ന് സി.പി.എം ആരോപിച്ചു. സോഷ്യലിസം, മതേതരത്വം എന്നിവ സ്വാതന്ത്ര്യസമര സേനാനികൾ ഉയർത്തിയ അടിസ്ഥാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |