കൊച്ചി: ട്രെയ്‌ലറിൽ നിന്ന് പിന്നോട്ടിറക്കിയ കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരൻ മരിച്ച
സംഭവം മാനുഷിക പിഴവെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ തകരാറാണ് കാരണമെന്നാണ് ട്രേഡ് യൂണിയൻ വാദിച്ചിരുന്നത്.
അപകടമുണ്ടാക്കിയ ജില്ല കാർ ഡ്രൈവേഴ്‌സ് യൂണിയൻ അംഗവും പാലാരിവട്ടം സ്വദേശിയുമായ അൻഷാദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കും. പാലാരിവട്ടം പൊലീസിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ട റേഞ്ച് റോവർ വോഗ് കാർ പരിശോധിച്ചിരുന്നു. യന്ത്രത്തകരാറോ സാങ്കേതിക തകരാറോ വാഹനത്തിനില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
കുണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ജാഗ്വാർ റേഞ്ചർ റോവർ കാർ വിതരണ കമ്പനിയുടെ പാലാരിവട്ടം ചളിക്കവട്ടത്തെ ഗോഡൗണിൽ 22ന് രാത്രി 11.30നായിരുന്നു അപകടം. വിതരണ കമ്പനിയിലെ ഷോറൂം ഡെമോ കോഓർഡിനേറ്റർ മട്ടാഞ്ചേരി പാണ്ടിക്കുടി നെടിയോടി വീട്ടിൽ റോഷൻ ആന്റണി സേവ്യറാണ് (36) മരിച്ചത്. കാർ ഡ്രൈവേഴ്‌സ് യൂണിയൻ അംഗമായ അനീഷിനും അപകടത്തിൽ പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |