കളമശേരി: അർഹതപ്പെട്ട ശമ്പളക്കുടിശികയും മറ്റ് ആനുകൂല്യങ്ങൾക്കുമായി എടയാർ ബിനാനി സിങ്കിലെ ജീവനക്കാരുടെ കാത്തിരിപ്പിന് ഒരു പതിറ്റാണ്ട് കഴിഞ്ഞു. വ്യവസായ മേഖലയിലെ വമ്പൻ കമ്പനികളിലൊന്നായിരുന്നു ബിനാനി സിങ്ക്. ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്ന 235 തൊഴിലാളികളിൽ അഞ്ചുപേർ ഓർമ്മയായി.
എടയാർ വ്യവസായ മേഖലയിൽ ഉത്പാദനം മികവിലും ലാഭത്തിലും ഉയർന്ന ശമ്പളത്തിലും തല ഉയർത്തി നിന്ന വ്യവസായ സ്ഥാപനമായിരുന്നു. ഇടക്കാലത്ത് എടയാർ സിങ്ക് ലിമിറ്റഡ് എന്ന് പേരും മാറ്റി.
സിങ്ക് ആയിരുന്നു പ്രധാന ഉത്പന്നം. സൾഫ്യൂറിക് ആസിഡ്, കാഡ്മിയം അലോയ് തുടങ്ങിയവ ഉപോത്പന്നങ്ങളും. 500 ഓളം സ്ഥിരം ജീവനക്കാരും നൂറുകണക്കിന് കരാർ തൊഴിലാളികളും ജോലി ചെയ്ത കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസ് കൊൽക്കത്തയിലും ഹെഡ് ഓഫീസ് മുംബയിലുമായിരുന്നു. നിലവിൽ പഴയ ജീവനക്കാർ അക്ഷരാർത്ഥത്തിൽ അനാഥരാണ്. സംഘടനാ നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഇവരെ തിരിഞ്ഞുനോക്കുന്നില്ല.
പ്രഖ്യാപനങ്ങൾ പാഴ്വാക്കായി
1. പൂട്ടിക്കിടന്ന കമ്പനിയുടെ യന്ത്രസാമഗ്രികളും കെട്ടിടങ്ങളും വിറ്റു. വിശാലമായ 108 ഏക്കർ കമ്പനി വളപ്പിലെ കൂറ്റൻ ടാങ്കുകളിൽ രാസമാലിന്യങ്ങളും അവശേഷിക്കുന്നുണ്ട്. യന്ത്രസാമഗ്രികൾ വിറ്റശേഷം 12 ശതമാനം പലിശ സഹിതം ആനുകൂല്യങ്ങൾ നൽകുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും അത് പാഴ്‌വാക്കായി.
2. 20 കോടി രൂപ വേണം ആനുകൂല്യങ്ങൾ തീർപ്പാക്കാൻ. 2018 ൽ ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപിച്ച 250 കോടിയുടെ പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി.
ഫോർച്യൂൺ പദ്ധതിയും നടപ്പായില്ല
കമ്പനി പൂട്ടുമ്പോൾ 230 കോടി രൂപയാണു ബാങ്കുകൾക്കു ബാദ്ധ്യത ഉണ്ടായിരുന്നത്. പെരിയാർ തീരത്തെ 108 ഏക്കർ സ്ഥലവും 35 ഏക്കർ പാടശേഖരവും യന്ത്രസാമഗ്രികളുടെ സ്ക്രാപ്പും ഈ തുകയ്ക്കു ലേലം ചെയ്യാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു ലേലത്തുക 190 കോടിയായി കുറച്ചു. എന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇപ്പോഴത്തെ മാനേജ്മെന്റിനു തന്നെ 175 കോടി രൂപയ്ക്ക് ആസ്തി ബാദ്ധ്യതകൾ കൈമാറുകയായിരുന്നു. പിന്നീട് ഇവിടെ ദുബായ് മലയാളികളുടെ ഫോർച്യൂൺ ഗ്രൂപ്പ് വ്യവസായ പാർക്കും ലോജിസ്റ്റിക്‌സ് ഹബ്ബുമായി 800 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് എടയാർ സിങ്ക് ലിമിറ്റഡ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
പ്രതിഷേധ സമരത്തിന് തൊഴിലാളികൾ എത്തുമ്പോൾ നേതാക്കന്മാർ ആരും തന്നെ രംഗത്ത് വരാറില്ല. വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നു. സേവ് ബിനാനി എന്ന ഒരു ഫോറം രൂപീകരിച്ചിട്ടുണ്ട് എങ്കിലും അത് പേരിൽ മാത്രമായി ചുരുങ്ങി.
ഒ.ജെ. ഏബ്രഹാം
ബിനാനിയിലെ തൊഴിലാളി
സിങ്ക് ഉൾപ്പെടെ എല്ലാം കടത്തിയിട്ടും തൊഴിലാളികൾക്ക് പണം കിട്ടിയില്ല. ജനറൽബോഡി വിളിക്കുവാനോ വിളിച്ചാൽ അതിൽ പങ്കെടുക്കാനോ നേതാക്കൾ തയ്യാറാകാത്തതും ദുരൂഹമാണ്. പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്.
സി.ആർ.രാജേഷ്തൊഴിലാളി
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |