തീകൊളുത്താൻ ഉപയോഗിച്ചത് ടർപ്പന്റൈൻ
കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകും
കാസർകോട്: അമ്മയെ അടിച്ചു കൊന്ന് കത്തിച്ച മകൻ അന്തർമുഖനായ 'സൈക്കോ' ആണെന്ന് നാട്ടുകാർ. പരിസരവാസികളുമായി അധികം ബന്ധം ഉണ്ടായിരുന്നില്ല. യുവാവിന്റെ പെരുമാറ്റം പ്രത്യേക രീതിയിലുള്ളതായിരുന്നു. സുഹൃത്തുക്കളൊന്നും യുവാവിനുണ്ടായിരുന്നില്ല.
അതിനിടെ പ്രതിയുടെ മൊഴി പൂർണ്ണമായും പൊലീസ് എടുത്തിട്ടില്ല. അമ്മയെയും ബന്ധുവായ യുവതിയെയും തീകൊളുത്താൻ ഉപയോഗിച്ച ഇന്ധനം പെട്രോൾ അല്ലെന്നും ടർപ്പന്റൈൻ ആണെന്നും പറയുന്നു. പ്രതി മെൽവിൻ മാതാവായ ഫിൽഡയെ അടിച്ചുകൊന്ന ശേഷമാണ് കത്തിച്ചതെന്നാണ് പൊലീസിന് മൊഴി നൽകിയത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
അമ്മ ഫിൽഡയുടെ പേരിലുള്ള വീടും സ്ഥലവും പ്രതിയായ തന്റെ പേരിലേക്ക് എഴുതി നൽകാൻ ദിവസവും വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തുന്ന മെൽവിൻ അമ്മയുമായി തർക്കമുണ്ടാകും. സംഭവം നടന്ന ദിവസം മദ്യപിച്ചെത്തിയ പ്രതി അമ്മയെ മർദ്ദിച്ചു. അടിയേറ്റ് ഫിൽഡയുടെ ബോധം പോയി. മരിച്ചെന്ന് ഉറപ്പിച്ചതോടെ കത്തിച്ചു എന്നും മെൽവിൻ പൊലീസിനോട് സമ്മതിച്ചു. വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നു എന്നും, അതിനുശേഷം ഗൾഫിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും പ്രതിയുടെ മൊഴിയിൽ വ്യക്തമാകുന്നുണ്ട്. സ്വത്ത് മെൽവിന്റെ പേരിൽ എഴുതി നൽകാതിരിക്കാൻ ഫിൽഡയ്ക്ക് പിന്തുണ നൽകിയതാണ് ലൊലിറ്റയ്ക്ക് നേരെയുള്ള ആക്രമണത്തിന് കാരണമായി പറയുന്നത്. അതേസമയം ലോലിറ്റയുടെ മൊഴി ഇതുവരെ പുറത്ത് വന്നിട്ടില്ല. സംഭവത്തിനു പിന്നിൽ പുറത്തുപറയാൻ പറ്റാത്ത മറ്റു ചില കാരണങ്ങളും ഇയാൾക്കുണ്ടെന്ന് പറയുന്നുണ്ട്.
തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ ആണ് മെൽവിൽ ഫിൽഡയെ കൊലപ്പെടുത്തിയത്. പിന്നാലെ കർണാടകയിലേക്ക് കടന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് പിന്തുടർന്ന് മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |