കോഴിക്കോട്: മാനാഞ്ചിറയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്ന, നഗരത്തിന്റെ ദീർഘനാളായുള്ള ആവശ്യം സഫലമാവുന്നു. ഓട നിർമാണവും മറ്റു നടപടികളുമായി മുന്നോട്ട് പോവുകയാണ് കോഴിക്കോട് കോർപ്പറേഷൻ. ഓടകളുടെ നവീകരണം ആരംഭിച്ചു. മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ഓടയുടെ ഒഴുക്ക് നിലച്ച സ്ഥിതിയിലാണ്. ഓടയുടെ ഇന്റർലോക്ക് കട്ടകളും സ്ലാബുകളും മാറ്റി ഒഴുക്കിനെ തടസപ്പെടുത്തുന്ന മാലിന്യങ്ങളുൾപ്പെടെ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതോടെ വെള്ളക്കെട്ട് വലിയൊരളവ് വരെ പരിഹരിക്കാനാകുമെന്നാണ് കച്ചവടക്കാരും ഓട്ടോ ഡ്രെെവർമാരും പറയുന്നത്. കഴിഞ്ഞ ദിവസം കോർപ്പറേഷൻ അധികൃതർ ഇവിടത്തെ വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്തിരുന്നു. ഇതോടെ ഇന്നലെ പ്രദേശത്തെ വെള്ളക്കെട്ടും കുറഞ്ഞു. സ്പോർട്സ് കൗൺസിൽ ഹാളിന് മുന്നിലെ റോഡ് താഴ്ന്ന് നിലക്കുന്നതിനാലാണ് ഒഴുക്ക് നിലച്ച് വെള്ളക്കെട്ടുണ്ടാകുന്നതെന്നാണ് വിലയിരുത്തൽ. വൈക്കം മുഹമ്മദ് ബഷീർ റോഡ് മുതൽ എൽ.ഐ.സി ഓഫീസ് വരെയുള്ള ഭാഗത്ത് റോഡ് ഉയർത്തി ഇന്റർലോക്കിടുന്നതിന് കോർപ്പറേഷൻ 50 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മഴ പെയ്താൽ വാഹനഗതാഗതവും കാൽനടയാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് ഇവിടെ നേരിടുന്നത്. ഇതിനാൽ നിരവധി സമരങ്ങളും ഇവിടെ നടന്നിരുന്നു. ഓവുചാൽ നവീകരണവും റോഡ് ഉയർത്തുന്നതും കൂടി പൂർത്തിയാക്കിയാൽ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ.
'' ആവശ്യത്തിന് ആഴമുള്ളതാണ് ഇവിടുത്തെ ഓടകൾ. കൃത്യമായ അറ്റകുറ്റപ്പണികളും നവീകരണവും നടത്തിയാൽ തന്നെ ഇവിടുത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനാകും.''
പ്രകാശന് ഓട്ടോ ഡ്രെെവർ, മാനാഞ്ചിറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |