ആലപ്പുഴ: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരീസിന്റെ വെളിപ്പെടുത്തൽ ചൂണ്ടിക്കാണിക്കുന്നത് കേരളത്തിലെ പൊതുജന ആരോഗ്യത്തിന്റെ ഏറ്റവും ദയനീയ അവസ്ഥയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. അടിയന്തര ശസ്ത്രക്രിയ വേണ്ടത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെയും സർക്കാർ ആശുപത്രികളുടെയും നിലവാരത്തകർച്ച മാറ്റാനാണ്. ഗത്യന്തരമില്ലാതെയാണ് ഡോ.ഹാരീസ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.
ഒരു കാലത്ത് കേരളത്തിലെ ചികിത്സാരംഗത്ത് അന്തിമവാക്ക് മെഡിക്കൽ കോളേജുകളുടേതായിരുന്നു. ഇന്നതെല്ലാം നഷ്ടമായത് അവശ്യത്തിന് ഡോക്ടർമാരും ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാലാണ്. നമ്മുടെ ആരോഗ്യരംഗം മികച്ചതെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് മെഡിക്കൽ കോളേജുകൾ പരിതാപകരമായ അവസ്ഥ നേരിടുന്നത്. ഒഴിവുകൾ നികത്താൻ സർക്കാർ നടപടിയെടുക്കുന്നില്ല. നിയമനം നടത്തിയാലും ഡോക്ടർമാർ ചുമതലയേറ്റെടുക്കാത്ത അവസ്ഥയുണ്ട്. ആരോഗ്യമേഖലയുടെ ശോച്യാവസ്ഥ തുറന്നുപറയുന്ന ഡോക്ടർമാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്ന സമീപനമാണ് സക്കാരിന്റേതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |