തിരുവനന്തപുരം: സപ്ലൈകോയുടെ കീഴിലുള്ള 66 എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ റേഷൻ ഭക്ഷ്യവസ്തുക്കളുടെ വെട്ടിപ്പു തടയാൻ സി.സി ടിവി ക്യാമറ സ്ഥാപിക്കാൻ സർക്കാർ. ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഭക്ഷ്യ പൊതുവിതരണ കമ്മിഷണറുടെ ഓഫീസിലിരുന്നു നിരീക്ഷിക്കാൻ കഴിയുന്നതടക്കമാണ് സംവിധാനം. 3.15 കോടിയുടെ പദ്ധതിക്ക് അംഗീകാരം. ഈ വർഷം 50 ലക്ഷം രൂപ ചെലവഴിക്കാൻ അനുമതിയായി.
എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു ഭക്ഷ്യവകുപ്പ് ഏറ്റെടുക്കുന്ന റേഷൻ സാധനങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിച്ചശേഷമാണ് റേഷൻ കടകളിലേക്കു കൊണ്ടുപോകുന്നത്. ഈ ഗോഡൗണുകളിൽ നിന്നാണ് അരിയടക്കം ചോർത്തിയും കടത്തിയും വെട്ടിപ്പ് നടത്തുന്നത്. ക്രമക്കേടുകൾ സപ്ലൈകോയും വിജിലൻസും കണ്ടെത്തിയിരുന്നു. അതേസമയം, റേഷൻ സാധനങ്ങൾ വാതിൽപ്പടിയായി തൂക്കി നൽകണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.
ഗോഡൗണുകൾ
വേണ്ടെന്ന് കേന്ദ്രം
റേഷൻ സാധനങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ സൂക്ഷിക്കേണ്ട കാര്യമില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എഫ്.സി.ഐയിൽ നിന്ന് നേരിട്ട് റേഷൻ കടകളിൽ എത്തിച്ചാൽ മതിയാകും. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു പ്രദേശത്തെ റേഷൻ കടകളിലേക്കുള്ള ദൂരം ഉൾപ്പെടെ അറിയിക്കാനും കേന്ദ്രം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിനോട് സംസ്ഥാനത്തിന് യോജിപ്പില്ല. ഇത് നടപ്പായാൽ ഗോഡൗണുകളിലെ കയറ്റിയിറക്ക് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.182 ഗോഡൗണുകളിലായി 4,100 തൊഴിലാളികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |