തിരുവനന്തപുരം: മൊത്ത വ്യാപാര ഡിപ്പോകളിൽ നിന്നും മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ കടയുടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭക്ഷ്യ വകുപ്പ് നടപടി സ്വീകരിച്ചതോടെ കൂടുതൽ കടയുടമകൾ മണ്ണെണ്ണ ഡിപ്പോകളിൽ നിന്നും സ്വീകരിച്ചു തുടങ്ങി. 2.5 ലക്ഷം ലിറ്റർ മണ്ണെണ്ണ ഇന്നലെ വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ചു.
ഡിപ്പോകളിൽ നിന്നും മണ്ണെണ്ണ എടുക്കാത്ത റേഷൻ വ്യാപാരികൾക്കെതിരെ കെ.ടി.പി.ഡി.എസ് കൺട്രോൾ ഓർഡർ 2021 പ്രകാരം നിയമ നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ സപ്ലൈ ഓഫീസർമാർക്കും പൊതുവിതരണ കമ്മീഷണർ നിർദേശം നൽകിയിരുന്നു.
ഇതിനായി ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. വാതിൽപ്പടിയായി മണ്ണെണ്ണ എത്തിച്ചാലേ വിതരണം ചെയ്യൂ എന്ന നിലപാടിലാണ് ചില റേഷൻ വ്യാപാരി സംഘടനകൾ. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 3.40 രൂപയായിരുന്ന കമ്മീഷൻ ആറു രൂപയായി ഭക്ഷ്യവകുപ്പ് ഉയർത്തിയിരുന്നു. ഹോൾസെയിൽ ഡീലറുകളിൽ മണ്ണെണ്ണയെടുക്കണമെന്ന നിബന്ധനയിലാണ് കമ്മീഷൻ ഉയർത്തിയത്. ഏഴു രൂപയാക്കണമെന്നായിരുന്നു സംഘടകളുടെ ആവശ്യം.പ്രതീക്ഷിച്ച തുക ലഭിക്കാത്തതിനാൽ കടകളിൽ മണ്ണെണ്ണ എത്തിക്കണമെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ ആവശ്യം. നിയമപ്രകാരം ഇതു സാദ്ധ്യമില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. അടുത്ത മാസം 10ന് വ്യപാര സംഘടനാ പ്രതിനിധികളുടെ യോഗം സർക്കാർ വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |