ആഗോള പ്രതിസന്ധികൾ വിനയാകുന്നു
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ വെല്ലുവിളികളും വ്യാവസായിക ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. മേയിൽ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക എട്ടു മാസത്തെ കുറഞ്ഞ തലമായ 1.2 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിലിൽ വ്യാവസായിക സൂചിക 2.6 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിന് ശേഷം വ്യാവസായിക ഉത്പാദനത്തിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. കഴിഞ്ഞ വർഷം മേയിൽ വ്യാവസായിക ഉത്പാദനം 5.9 ശതമാനം വളർച്ച നേടിയിരുന്നു. അടിസ്ഥാന വ്യവസായ രംഗത്തെ ഉത്പാദന ഇടിവാണ് പ്രധാന വെല്ലുവിളി.
മാനുഫാക്ചറിംഗ് രംഗത്തെ ഉത്പാദനത്തിൽ 2.6 ശതമാനം വർദ്ധന നേടി. ഖനന മേഖലയിലെ ഉത്പാദനം 0.1 ശതമാനവും വൈദ്യുതി ഉത്പാദനം 5.8 ശതമാനവും ഇടിഞ്ഞു.
മെഷിനറികളുടെയും യന്ത്ര സാമഗ്രികളുടെയും ഉത്പാദനം 11.8 ശതമാനം ഉയർന്നു. കാപ്പിറ്റൽ ഗുഡ്സിന്റെ ഉത്പാദനം 14.1 ശതമാനവും പശ്ചാത്തല സൗകര്യം, നിർമ്മാണ മേഖലകൾ 6.3 ശതമാനവും വളർച്ച നേടി.
ജി.എസ്.ടി മൊത്ത വരുമാനം
22.08 ലക്ഷം കോടി രൂപ
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതി(ജി.എസ്.ടി) വരുമാനം 9.4 ശതമാനം വളർച്ചയോടെ 22.08 ലക്ഷം കോടി രൂപയിലെത്തി റെക്കാഡിട്ടു. അഞ്ച് വർഷത്തിനിടെ ജി.എസ്.ടി സമാഹരണം ഇരട്ടിയായി ഉയർന്നു. 2020-21 വർഷത്തിൽ ജി.എസ്.ടി വരുമാനം 11.37 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ശരാശരി 1.84 ലക്ഷം കോടി രൂപയുടെ പ്രതിമാസ വരുമാനമാണ് ജി.എസ്.ടിയിലൂടെ ലഭിച്ചത്. എട്ടുവർഷത്തിനിടെ ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യാപാരികളുടെ എണ്ണം 65 ലക്ഷത്തിൽ നിന്ന് 1.51 കോടിയായി ഉയർന്നു.
മേയിൽ റെവന്യു മിച്ചം നേടി കേന്ദ്ര സർക്കാർ
വ്യാവസായിക മേഖല തളരുമ്പോഴും കേന്ദ്ര സർക്കാരിന്റെ ധന സ്ഥിതി മെച്ചപ്പെടുന്നു. റിസർവ് ബാങ്കിൽ നിന്നും ലഭിച്ച 2.56 ലക്ഷം കോടി രൂപയുടെ ലാഭവിഹിതത്തിന്റെ കരുത്തിൽ മേയിൽ കേന്ദ്ര സർക്കാർ റെവന്യു മിച്ചത്തിലായി. സർക്കാരിന്റെ ചെലവുകളേക്കാൾ കൂടുതൽ വരുമാനം ലഭിക്കുമ്പോഴാണ് ധന മിച്ചം നേടുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ 13,163 കോടി രൂപയുടെ ധന കമ്മിയാണ് രേഖപ്പെടുത്തിയത്. നടപ്പുസാമ്പത്തിക വർഷം ലക്ഷ്യമിടുന്ന മൊത്തം ധനകമ്മിയുടെ 0.8 ശതമാനം മാത്രമാണിത്.
റിസർവ് ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ നികുതി ഇതര വരുമാനമായി ലഭിച്ച ലാഹവിഹിതമാണ് ധന കമ്മി ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നത്.
ഇതോടെ ഇത്തവണ കേന്ദ്ര സർക്കാരിന്റെ ധനകമ്മി പ്രതീക്ഷിച്ചതിലും 0.4 ശതമാനം കുറവായിരിക്കുമെന്ന് വിലയിരുത്തുന്നു. ചരക്ക് സേവന നികുതി, പ്രത്യക്ഷ നികുതി ഇനത്തിലും റെക്കാഡ് വരുമാനമാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്.
ലാഭമെടുപ്പിൽ കാലിടറി ഓഹരികൾ
കൊച്ചി: നിക്ഷേപകർ ലാഭമെടുക്കാൻ വിൽപ്പന ശക്തമാക്കിയതോടെ ഓഹരി വിപണി ഇന്നലെ നഷ്ടത്തിലേക്ക് മൂക്കുകുത്തി. നാല് ദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് സെൻസെക്സും നിഫ്റ്റിയും പിന്നാക്കം ഇറങ്ങിയത്. സെൻസെക്സ് 452.44 പോയിന്റ് നഷ്ടവുമായി 83,606.46ൽ അവസാനിച്ചു. നിഫ്റ്റി 120.75 പോയിന്റ് ഇടിഞ്ഞ് 25,517.05ൽ എത്തി. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി സൂചിക നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ ട്രെൻഡ് മറികടന്ന് മുന്നേറി. സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |