തിരുവനന്തപുരം: പൊലീസ് മേധാവിയായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യൽ ഡയറക്ടറായിരുന്ന റവാഡ എ. ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നിയമനത്തിന് യു.പി.എസ്.സി നൽകിയ മൂന്നംഗ പട്ടികയിലെ രണ്ടാമനാണ് റവാഡ.
നിയമന ഉത്തരവ് ഇന്നലെത്തന്നെ ചീഫ്സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയതിനെത്തുടർന്ന് വൈകിട്ടോടെ റവാഡയെ കേന്ദ്രസർവീസിൽ നിന്ന് വിടുതൽ ചെയ്തു. ഇന്ന് രാവിലെ 7ന് പൊലീസ് ആസ്ഥാനത്ത് ചുമതലയേൽക്കും. രാവിലെ പത്തിന് കണ്ണൂരിൽ മുഖ്യമന്ത്രി നടത്തുന്ന അവലോകന യോഗത്തിൽ റവാഡ പങ്കെടുക്കും.
2026 ജൂലായ് വരെയാണ് റവാഡയ്ക്ക് സർവീസുള്ളത്. എന്നാൽ, പൊലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഒരുവർഷം നീട്ടിക്കിട്ടും.
ഇന്നലെ വൈകിട്ട് ഷേഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞതിനാൽ റവാഡ ചുമതലയേൽക്കും വരെ എ.ഡി.ജി.പി എച്ച്. വെങ്കടേശിന് താത്കാലിക ചുമതല നൽകി. തലശേരിയിൽ അഡി.എസ്.പിയായാണ് റവാഡ സർവീസ് ആരംഭിച്ചത്. പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായും കെ.എ.പി രണ്ടാം ബറ്റാലിയൻ, മൂന്നാം ബറ്രാലിയൻ കമൻഡാന്റായും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്‌നിയയിൽ പ്രവർത്തിച്ചു. തിരുവനന്തപുരം, കൊച്ചി കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം റേഞ്ചുകളിൽ ഡി.ഐ.ജിയായിരുന്നു.
ക്രൈം റെക്കാഡ്സ് ബ്യൂറോ ഐ.ജിയായിരിക്കെയാണ് കേന്ദ്രത്തിലേക്ക് പോയത്. ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനത്തും ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ബിയിൽ അഡി.ഡയറക്ടറായി. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയാണ്. ഭാര്യ: സരിത. രണ്ടു മക്കളുണ്ട്.
കൂത്തുപറമ്പ് വെടിവയ്പ്
കേസ്, സസ്പെഷൻ
1994ൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ് കേസിൽ റവാഡയെ പ്രതിചേർത്തിരുന്നു. 2012ൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി. തലശേരി എ.എസ്.പിയായിരിക്കെയാണ് വെടിവയ്പിന് റവാഡ ഉത്തരവിട്ടത്. തുടർന്ന് സസ്പെഷനിലായി. ജുഡിഷ്യൽ അന്വേഷണത്തിനുശേഷമാണ് സർവീസിൽ തിരിച്ചെത്തിയത്.
തമ്മിൽ ഭേദം റവാഡ: മുഖ്യമന്ത്രി
ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തെ മുഖ്യമന്ത്രിയാണ് നിയമനക്കാര്യം അറിയിച്ചത്. പട്ടികയിലുള്ള മൂന്ന് പേരിൽ തമ്മിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങുകയോ ഒത്തുപോവുകയോ ചെയ്യാത്തതിനാൽ ആദ്യപേരുകാരനായ നിതിൻ അഗർവാളിനെ ഒഴിവാക്കി. ബി.എസ്.എഫ് മേധാവിയായിരിക്കെ, അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിന് കേന്ദ്രം അദ്ദേഹത്തെ കേരളത്തിലേക്ക് നിർബന്ധപൂർവം തിരിച്ചയച്ചതാണ്. തുടർന്നാണ് റവാഡയെക്കുറിച്ച് പറഞ്ഞത്. പക്ഷേ കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ടയാളാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. ഇതേക്കുറിച്ച് ചർച്ചയും നടന്നില്ല. സർക്കാരിന് അനഭിമതനായ യോഗേഷ് ഗുപ്തയെക്കുറിച്ചും മുഖ്യമന്ത്രി വിവരിച്ചശേഷമാണ് റവാഡയുടെ പേര് പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |