കൊച്ചി: അത്യാവശ്യ ഘട്ടങ്ങളിൽ മരുന്നും വൈദ്യോപകരണങ്ങളും നേരിട്ട് വാങ്ങാനുള്ള എമർജൻസി ഫണ്ടും അത് ചെലവഴിക്കാനുള്ള അധികാരവും അനുവദിച്ചാൽ സർക്കാർ ആശുപത്രികളുടെ ദുഷ്പേര് ഒഴിവാക്കാനാകുമെന്ന് പ്രശസ്ത കരൾ മാറ്റിവയ്‌ക്കൽ വിദഗ്ദ്ധൻ ഡോ.എസ്. സുധീന്ദ്രൻ. സർക്കാർ ഫയലുകളുടെ നൂലാമാലകളിൽ പെടാനുള്ളതല്ല മനുഷ്യജീവൻ. ഓരോ നിമിഷവും വിലപ്പെട്ടതാണ്.
മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും രോഗി വാങ്ങിക്കൊണ്ടുവരേണ്ട സ്ഥിതി രോഗിക്കും ഡോക്ടർക്കും സർക്കാരിനും അപമാനകരമാണ്. ഡോക്ടർമാരുടെ അന്തസിനെയും ആത്മവിശ്വാസത്തെയും ഇത് ബാധിക്കും. മികച്ച ഡോക്ടർമാരും സ്വകാര്യമേഖലയോടു കിടപിടിക്കുന്ന സംവിധാനങ്ങളും കേരളത്തിലെ പല സർക്കാർ ആശുപത്രികളിലുമുണ്ട്. പക്ഷേ, ചുവപ്പുനാടയാണ് പ്രശ്നം. ആരോഗ്യവകുപ്പിനെയെങ്കിലും ഈ ശാപത്തിൽ നിന്നൊഴിവാക്കി പ്രൊഫഷണലിസം കൊണ്ടുവരണം.
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനം കേരളത്തിൽ വല്ലാതെ കുറഞ്ഞതിനാൽ ആയിരക്കണക്കിന് രോഗികളാണ് സംസ്ഥാനത്ത് മരണത്തിലേക്ക് പോകുന്നത്. അവയവമാറ്റ ശസ്ത്രക്രിയ കാത്തിരിക്കുന്ന പാവപ്പെട്ട രോഗികളുടെയും ബന്ധുക്കളുടെയും വേദന വിവരണാതീതമാണ്. ഇക്കാര്യത്തിൽ അടിയന്തരമായ സർക്കാർ ഇടപെടൽ വേണം. ബോധവത്കരണ പരിപാടികൾ ആവിഷ്കരിക്കണം.
മസ്തിഷ്കമരണത്തെക്കുറിച്ചുള്ള അബദ്ധധാരണകൾക്ക് വഴിവച്ചത് സിനിമകളും സീരിയലുകളുമാണ്. വിദ്യാസമ്പന്നരായ മലയാളികൾ ഇതിൽ നിന്ന് മുക്തരാകുന്നില്ല. സർക്കാർ സംവിധാനങ്ങളോടുള്ള പുച്ഛവും പ്രശ്നമാണ്. തമിഴ്‌നാടും ആന്ധ്രയും രാജസ്ഥാനും മറ്റും ഇക്കാര്യത്തിൽ ഏറെ മുന്നേറിക്കഴിഞ്ഞു.
ചികിത്സ ഇൻഷ്വറൻസ്
ആലോചിക്കണം
അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങൾ നടപ്പാക്കുന്ന ചികിത്സാ ഇൻഷ്വറൻസ് സമ്പ്രദായം കേരളമെങ്കിലും ആലോചിക്കണം. ഇവിടത്തെ മൊബൈൽ ഫോൺ വരിക്കാരിൽ നിന്ന് മാത്രം മാസം നിശ്ചിത തുക ഇൻഷ്വറൻസിലേക്ക് പിരിച്ചെടുത്താലും വലിയ ഫണ്ട് ലഭിക്കും. ഇത്തരം ധനസമാഹരണത്തിലൂടെ ജനങ്ങൾക്ക് സ്വകാര്യ, സർക്കാർ ആശുപത്രി വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ നൽകാനാകും. ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളാണ് ഏറെയും. ഈ ചികിത്സകൾക്ക് താരതമ്യേന ചെലവും കുറവാണ്.
ഡോ.എസ്. സുധീന്ദ്രൻ
എറണാകുളം അമൃത ആശുപത്രിയിലെ ഗാസ്ട്രോ ഇന്റസ്റ്റൈനൽ സർജറി ആൻഡ് ഓർഗൻ ട്രാൻസ്‌പ്ളാന്റ് വിഭാഗം മേധാവി. കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവ മാറ്റിവയ്ക്കുന്നതിൽ വിദഗ്ദ്ധൻ. 1400ഓളം കരൾമാറ്റ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടകകൃത്തുമായിരുന്ന കെ.സുരേന്ദ്രന്റെ മകനാണ്. ഓച്ചിറ സ്വദേശി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |