തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കാവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങളടക്കം യഥാസമയം വാങ്ങിനൽകാതെ ഡോക്ടർമാർക്ക് തലവേദന സൃഷ്ടിക്കുന്നത് ആശുപത്രി വികസന സൊസൈറ്റിയിലെ (എച്ച്.ഡി.എസ്) ചുവപ്പുനാട. ഫയൽനീക്കം വഴിപാടുപോലെ. യൂറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ചിറയ്ക്കലിന്റെ ആരോപണങ്ങൾ വിരൽചൂണ്ടുന്നതും പ്രധാനമായും ഇവിടേക്ക്.
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതടക്കം എച്ച്.ഡി.എസാണ്. എന്നാൽ, വകുപ്പ് മേധാവികൾ അടിയന്തര പ്രധാന്യത്തോടെ നൽകുന്ന കത്തുകൾപോലും ഇവിടെ ഫയലിൽ കുരുങ്ങും. യൂറോളജിയെ പോലെ ബയോകെമിസ്ട്രി, റോഡിയോളജി വിഭാഗങ്ങളും എച്ച്.ഡി.എസിൽ കയറിയിറങ്ങുന്നത് പതിവാണ്. ലാത്തോക്ലാസ്റ്ര് പ്രോബ് എന്ന ഉപകരണമാണ് യൂറോളജിക്ക് വേണ്ടതെങ്കിൽ പരിശോധനകൾക്കുള്ള റീയേജന്റുകൾ സമയബന്ധിതമായി വാങ്ങിനൽകാത്തതാണ് ബയോ കെമിസ്ട്രിക്കാരുടെ പ്രശ്നം.
സി.ടി, എം.ആർ.ഐ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും അനുബന്ധ ഉപകരണങ്ങൾ ഉറപ്പാക്കുന്നതിലും കാട്ടുന്നത് വലിയ അലംഭാവം. ഇതോടെയാണ് പലപ്പോഴും ലബോറട്ടറി പരിശോധനകൾക്കും സ്കാനിംഗിനും രോഗികൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നത്. കാത്ത് ലാബുകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണവും ഇതുപോലെതന്നെ.
ശസ്ത്രക്രിയ്ക്ക് ഉപകരണമില്ലെന്ന ഡോ.ഹാരിസിന്റെ കത്ത് അടിയന്തര സ്വഭാവമുള്ളതിനാൽ എച്ച്.ഡി.എസ് സൂപ്രണ്ടോ ആശുപത്രി സൂപ്രണ്ടോ ഇടപെട്ടാൽ അതിവേഗം കള്കടറുടെ അനുമതി ഉറപ്പിക്കാം. എന്നാൽ, സാധാരണ കത്തുപോലെ ഇതും നീങ്ങിയതാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ ഇടയാക്കിയത്.
ജീവനക്കാരുടെ
സുഖവാസ കേന്ദ്രം
എച്ച്.ഡി.എസ് ചെയർമാൻ കളക്ടറാണ്. ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയും. ഡി.എം.ഇ ഓഫീസിലെ സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 11 ജീവനക്കാരുമുണ്ട്. ചില ജീവനക്കാരുടെ സുഖവാസ കേന്ദ്രംപോലെയാണ് ഇവിടം. മൂന്നുവർഷം പൂർത്തിയാക്കിയ ജീവനക്കാരെ മാറ്റാൻ മന്ത്രിയും കളക്ടറും നിർദ്ദേശം നൽകിയെങ്കിലും നടപ്പായിട്ടില്ല. 20 വർഷത്തോളമാകുന്ന മൂന്നുപേർ ഇപ്പോഴും ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നു. ചില ഉന്നത ഉദ്യോഗസ്ഥരുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയിലാണിത്.
മുൻ സൂപ്രണ്ട്
തട്ടിയത് 6.25ലക്ഷം
6.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എച്ച്.ഡി.എസ് മുൻ സൂപ്രണ്ട് ശ്രീകുമാരൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2013ൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്നായിരുന്നു തട്ടിപ്പ്. അതേസമയം, പണം പോയ വഴി ഇനിയും കണ്ടെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |