ന്യൂഡൽഹി: കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനി ക്യാമ്പസിനുള്ളിൽ കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് കത്ത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കാണ് അഭിഭാഷകനായ സത്യം സിംഗ് രാജ്പൂത് കത്തയച്ചത്. അടിയന്തര ജുഡിഷ്യൽ ഇടപെടൽ ഉണ്ടാകണം. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണത്തിന് സി.ബി.ഐക്ക് വിടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇരയെ കുറ്റപ്പെടുത്തുന്ന നിലയിൽ പരാമർശങ്ങൾ നടത്തിയ തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി, എം.എൽ.എ മദൻ മിത്ര എന്നിവർക്കെതിരെ നടപടിയുണ്ടാകണമെന്നും കൂട്ടിച്ചേർത്തു. ജൂൺ 25നാണ് സൗത്ത് കൽക്കട്ട ലാ കോളേജിലെ വിദ്യാർത്ഥിനി ക്രൂരതയ്‌ക്ക് ഇരയായത്.
നാലംഗസമിതി
കൊൽക്കത്തയിൽ
വിഷയം പരിശോധിക്കാൻ ബി.ജെ.പി നിയോഗിച്ച നാലംഗ സമിതി ഇന്നലെ കൊൽക്കത്തയിലെത്തി. എം.പിമാരായ ബിപ്ലവ് കുമാർ ദേബ്, മനൻ കുമാർ മിശ്ര, മുൻ എം.പിമാരായ സത്യപാൽ സിംഗ്, മീനാക്ഷി ലേഖി എന്നിവരാണ് സംഘത്തിൽ. പശ്ചിമബംഗാളിലെ ക്രമസമാധാന നില തകർന്നതായി ബിപ്ലവ് കുമാർ ദേബ് ആരോപിച്ചു. പ്രതികൾക്ക് തൃണമൂൽ കോൺഗ്രസുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി. രണ്ട് സീനിയർ വിദ്യാർത്ഥികൾ ഉൾപ്പെടെ നാലു പേരെ ഇതുവരെ അറസ്റ്റു ചെയ്‌തു. കൊൽക്കത്ത പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പൊതുതാത്പര്യ ഹർജികൾ ഫയൽ ചെയ്യാൻ കൽക്കട്ട ഹൈക്കോടതി ഇന്നലെ അനുമതി നൽകി. അതിനിടെ സൗത്ത് കൽക്കട്ട ലാ കോളേജ് അനിശ്ചിതകാലത്തേക്ക് അധികൃതർ അടച്ചിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |