34 പേർക്ക് പരിക്ക്
സംഭവം തെലങ്കാനയിൽ
ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാരത്തെ സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ 12 പേർക്ക് ദാരുണാന്ത്യം. 34 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. കെട്ടിടം പൂർണമായും കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു. 11 ഫയർഫോഴ്സ് യൂണിറ്റുകളും ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേർന്നാണ് തീയണച്ചത്. സ്‌ഫോടന കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഫാക്ടറിയിലെ ജീവനക്കാരിൽ കൂടുതലും അന്യസംസ്ഥാനക്കാരാണ്. സ്ഫോടന സമയത്ത് കെട്ടിടത്തിൽ 150 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് ഫാക്ടറി വൃത്തങ്ങളെ ഉദ്ധരിച്ച് ഐ.ജി വി. സത്യനാരായണ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും അനുശോചിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ വൈദ്യസഹായം നൽകാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശിച്ചു. സംഭവസ്ഥലം സന്ദർശിച്ച ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ അപകടത്തിൽപ്പെട്ടവർക്ക് സാദ്ധ്യമായ എല്ലാ സഹായവും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |