പത്തനംതിട്ട : ഏറെ കൊട്ടിഘോഷിച്ച ഇൻഡോർ സ്റ്റേഡിയം പദ്ധതി ജില്ലയ്ക്ക് തന്നെ അപമാനമാകുകയാണ്. സ്റ്റേഡിയം എവിടെയെന്ന് ചോദിച്ചാൽ കാട് ചൂണ്ടിക്കാണിക്കേണ്ട ദുരവസ്ഥ. മുമ്പ് ഇവിടൊരു സ്റ്റേഡിയം ഉണ്ടായിരുന്നതിന്റെ യാതൊരു തെളിവും ഇപ്പോൾ അവിടെയില്ല. കാട് നിറഞ്ഞ് പൂർണമായും വലിയൊരു കുന്നായി മാറുകയാണ് ഇൻഡോർ സ്റ്റേഡിയം. കേന്ദ്രകായിക മന്ത്രാലയം പദ്ധതി ഉപേക്ഷിച്ചതോടെ കരാറുകാർ കേസുമായി മുന്നോട്ടുപോകുകയും ചെയ്തു.
പൈലിംഗും മണ്ണിട്ട് ഉയർത്തലും മാത്രമാണ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഇവിടെ നടന്നിട്ടുള്ളത്. ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമായിരുന്നു അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം പദ്ധതി.
പ്ലാനിലെ മാറ്റം വിനയായി
പ്ലാനിൽ വന്ന മാറ്റമാണ് പദ്ധതിക്ക് തടസമായത്. അതോടെ ആദ്യഘട്ടമായി അനുവദിച്ച 1.80 കോടി രൂപ പത്തു ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കാൻ നഗരസഭയ്ക്ക് കേന്ദ്രം നിർദേശം നൽകി. നിർദേശം ലഭിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു. പദ്ധതി പൂർണമായും നിലച്ചിരിക്കുകയാണിപ്പോൾ. ജില്ലാ സ്റ്റേഡിയത്തിന് സമീപമായതിനാൽ ആ പദ്ധതിക്കൊപ്പം ഉൾപ്പെടുത്താൻ ചർച്ചകൾ നടന്നെങ്കിൽ ആന്റോ ആന്റണി എം.പി ഇൻഡോർ സ്റ്റേഡിയം എന്ന പദ്ധതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.
മുംബയ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. 2017ൽ അന്നത്തെ ഗവർണർ പി.സദാശിവം സ്റ്റേഡിയത്തിന് തറക്കല്ലിട്ടശേഷം പണിതുടങ്ങാൻ ഏറെ വൈകി. 2020ൽ സെപ്തംബറിൽ നിർമ്മാണം തുടങ്ങിയശേഷം പൈലിംഗ് ജോലികൾ മാത്രമാണ് പൂർത്തിയായത്. പ്രളയത്തിന് തോട്ടിലും പുഴയിലും അടിഞ്ഞ് കൂടിയ മണ്ണും ചെളിയും നിക്ഷേപിച്ചിരുന്നത് ഇൻഡോർ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്താണ്.
ഇൻഡോർ സ്റ്റേഡിയം പദ്ധതി
ചെലവ് : 16 കോടി,
5500 ചതുശ്ര അടി വിസ്തീർണം.
4 വോളിബാൾ കോർട്ടുകൾ
2 ബാസ്‌ക്കറ്റ്ബോൾ കോർട്ടുകൾ
6 ഷട്ടിൽ കോർട്ടുകൾ
വിസിറ്റേഴ്‌സ് ലോഞ്ച്, വിശ്രമമുറി, പവലിയൻ, ഇൻഡോർ ഹാൾ,
ഡ്രസിംഗ് റൂം, കോൺഫറൻസ് ഹാൾ
5000 കാണികൾക്ക് ഇരിപ്പിടം
600 വാഹനങ്ങൾക്ക് പാർക്കിംഗ്
2 രാജ്യാന്തര മത്സരങ്ങൾ ഒരേസമയം നടത്താൻ സൗകര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |