ന്യൂഡൽഹി: പാർക്കിൽ ഉലാത്തിക്കൊണ്ട് വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി കോടതി നടപടികളിൽ പങ്കെടുത്ത അഭിഭാഷകയെ ശാസിച്ച് ഡൽഹി ഹൈക്കോടതി. എവിടെയാണെന്ന് ചോദിച്ചപ്പോൾ അഗ്ര കോടതിയിലാണെന്ന അഭിഭാഷകയുടെ മറുപടി കോടതിയെ പ്രകോപിപ്പിച്ചു. കൊവിഡ് സമയത്ത് അഭിഭാഷകരുടെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് വീഡിയോ കോൺഫറൻസ് കൊണ്ടുവന്നത്. അതിനർത്ഥം പാർക്കിലിരുന്നും ഹാജരാകാമെന്നല്ല. ചില അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവർത്തികളെ മുൻപ് പലതവണ താക്കീത് ചെയ്‌തിട്ടുള്ളതാണ്. എന്നിട്ടും ചിലർ കോടതിയിൽ പാലിക്കേണ്ട മര്യാദകൾ മനസിലാക്കുന്നില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ പറഞ്ഞു. ഇക്കാര്യത്തിൽ ബാർ അസോസിയേഷനുകൾ അഭിഭാഷകരെ ബോധവത്കരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.സ്ത്രീധന പീഡന മരണക്കേസിലെ പ്രതിയ്‌ക്ക് വേണ്ടിയാണ് അഭിഭാഷക ഹാജരായത്. അഭിഭാഷക കാരണം കക്ഷി ബുദ്ധിമുട്ടാൻ പാടില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി,ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് അടക്കം നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |