സർക്കാരുദ്യോഗസ്ഥർക്ക് ഹാജർ രേഖപ്പെടുത്താൻ പുതിയ സംവിധാനം
കൊച്ചി/പള്ളുരുത്തി: സർക്കാർ ഓഫീസുകളിൽ ഹാജർ രേഖപ്പെടുത്താനുള്ള ഫേസ്ആപ്പ് സംവിധാനം ഒടുവിൽ എറണാകുളത്തും. മറ്റ് ജില്ലകളിൽ നടപ്പാക്കിയപ്പോഴും കാക്കനാട് കളക്ടറേറ്റിൽ മാത്രമായി സംവിധാനം ഒതുങ്ങി.
കൊച്ചി താലൂക്ക് ഓഫീസിലാണ് ഫേസ് ആപ്പ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നത്. ആധാർ അധിഷ്ഠിത സ്പാർക്ക്ബന്ധിത പഞ്ചിംഗ് സമ്പ്രദായം സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് നടപടി. സംവിധാനം നിലവിൽ വരുന്ന ജില്ലയിലെ ആദ്യത്തെ താലൂക്കാണിത്. ഇന്നലെ ട്രയൽ ഹാജർ രേഖപ്പെടുത്തലാണ് നടത്തിയത്. അതിനാൽ വളരെ കുറച്ച് ജീവനക്കാർ മാത്രമേ പങ്കെടുത്തിട്ടുള്ളൂവെന്നാണ് വിവരം.
മുഖം കാണിച്ചാൽ ഹാജർ
ജീവനക്കാർ ഓഫീസിന് 50 മീറ്റർ ചുറ്റളവിൽ നിന്ന് മൊബൈൽ ആപ്പ് വഴി മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്തണം. തിരിച്ച് പോകുമ്പോഴും ഇത് ചെയ്യണം. ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്നവർക്ക് അതത് സ്ഥലത്തുനിന്ന് മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്താം.
keralaattandence.gov.in എന്ന സൈറ്റിൽ പേര്, ആധാർ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പെൻ നമ്പർ, ഓഫീസ്, ഫോട്ടോ എന്നിവ നൽകണം. ഇതിനു ശേഷം പഞ്ചിംഗ് ഐ.ഡി ലഭിക്കും. ആധാറിന്റെ അവസാനത്തെ എട്ട് അക്കങ്ങളാണ് പാസ് വേർഡ്. ഇതു മാറ്റാം. ശമ്പളത്തിനുള്ള സ്പാർക്ക് ലോഗിനുമായി ബന്ധിപ്പിക്കുന്നതിനാൽ ഓഫീസ് ജീവനക്കാർ മൊബൈലുമായി ഓഫീസ് പരിസരം വിട്ടാൽ അത് ആബ്‌സന്റായി (അവധി) കണക്കാക്കപ്പെടുമെന്നതാണ് പ്രത്യേകതയുമുണ്ട്.
നടപടികൾ ഇങ്ങനെ
1. രാവിലെ 9.30 ശേഷം ഹാജർ രേഖപ്പെടുത്താനുള്ള സംവിധാനം ആക്ടീവ് ആകും
2. ഒരു വൃത്തത്തിൽ മുഖം കാണിച്ച് സെൽഫി എടുക്കണം.
3. വൃത്തത്തിനുള്ളിലെ ചുവപ്പ് നിറം പച്ചയായി മാറുമ്പോൾ ഹാജർ രേഖപ്പെടുത്തിയെന്ന് മനസിലാക്കാം.
ശ്രദ്ധിക്കാൻ
ഫേസ് ആപ്പിലൂടെ ഹാജർ രേഖപ്പെടുത്തിയില്ലെങ്കിൽ ഹാജർ നഷ്ടപ്പെടും. ഒപ്പം ശമ്പളം തടയും.
ആധാർ ഫേസ് ആർ.ഡി ആപ്പ്, ആധാർ ബി.എ.എസ് ആപ്പ് എന്നിവ നിർബന്ധമായും ഫോണിൽ വേണം
ലേറ്റ് പെർമിഷനും ഏർലി എക്‌സിറ്റും ഉണ്ടായിരിക്കില്ല.
ഓരോ ദിവസത്തെയും ആദ്യത്തെയും അവസാനത്തെയും പഞ്ചിംഗാണ് ഹാജറിന് പരിഗണിക്കുക
ഔട്ട് സൈഡ് ഡ്യൂട്ടിക്ക് പ്രത്യേക അപേക്ഷ നൽകാനും സംവിധാനം
സാങ്കേതിക തകരാർ വരുന്ന പക്ഷം ഫേസ് ആപ്പിനു പകരം സ്പാർക്ക് വഴി ഹാജർ രേഖപ്പെടുത്താം.
സർവീസിൽ പുതിയതായി നിയമിതരാകുന്നവർക്കും ബാധകം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |