ന്യൂഡൽഹി: സംസ്ഥാന അദ്ധ്യക്ഷന്മാരുടെ നിയമന നടപടികൾ പൂർത്തിയാകാനിരിക്കെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായി സൂചന. ബി.ജെ.പി ഭരണഘടന പ്രകാരം ദേശീയ അദ്ധ്യക്ഷനെ നിയമിക്കാൻ 37 സംസ്ഥാനഘടകങ്ങളിൽ 19 എണ്ണത്തിലെങ്കിലും അദ്ധ്യക്ഷ നിയമനം പൂർത്തിയാകണം. ജെ.പി. നദ്ദ മൂന്നാം നരേന്ദ്രമോദി സർക്കാരിൽ മന്ത്രിയായതിനാലാണ് പുതിയ അദ്ധ്യക്ഷനെ നിയമിക്കുമെന്ന അഭ്യൂഹം ശക്തമായത്. 16 സംസ്ഥാനങ്ങളിൽ അദ്ധ്യക്ഷൻമാരെ നിയമിച്ചുകഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ കൂടി നിയമനം പൂർത്തിയായാൽ ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാം. പുതുച്ചേരിയിൽ വി.പി. രാമലിംഗം, മിസോറമിൽ കെ. ബെയ്ച്ചുവ, തെലങ്കാനയിൽ രാമചന്ദർ റാവു, ആന്ധ്രയിൽ പി.വി.എൻ മാധവ്, മഹാരാഷ്ട്രയിൽ രവീന്ദ്ര ചവാൻ എന്നിവരാണ് പുതിയ അദ്ധ്യക്ഷന്മാർ. ഉത്തരാഖണ്ഡിൽ മഹേന്ദ്ര ഭട്ട് തുടരും. കർണാടക, മദ്ധ്യപ്രദേശ് ഘടകങ്ങളിൽ അടുത്ത ദിവസങ്ങളിൽ തീരുമാനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |