തിരുവനന്തപുരം: പ്രഖ്യാപിച്ച് ഏഴുവർഷം പിന്നിടുമ്പോഴും മെഡിക്കൽ കോളേജിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിന് ഒച്ചിഴയും വേഗം. 60 കോടിയുടെ പദ്ധതികൾ മാത്രമാണ് ഇതുവരെ നടന്നത്. ഡോ.ഹാരിസ് ചിറയ്ക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിൽ ചൂണ്ടിക്കാട്ടിയ ചുവപ്പുനാട തന്നെയാണ് ഇവിടെയും വില്ലൻ.
ഏഴു വർഷമായില്ലേ എന്ന് ചോദിക്കുന്നവരോട് സർക്കാർ കാര്യമല്ലേ എല്ലാത്തിനും അതിന്റേതായ സമയമെടുക്കുമെന്ന പതിവ് മറുപടിയാണ് അധികൃതർ നൽകുന്നത്. രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിനുള്ള വാർഡുകളോ അനുബന്ധ സംവിധാനങ്ങളോ ഒരുക്കാനായിട്ടില്ല. അതേസമയം മെഡിക്കൽ കോളേജ് വളപ്പിലെ ഓവർബ്രിഡ്ജും റോഡുകളുടെ നവീകരണവും നടന്നതാണ് ഏക ആശ്വാസം. പുതിയ കെട്ടിടത്തിനായി പഴയത് ഇടിച്ചുനിരത്തിയപ്പോൾ പ്രായോഗികമായ ബദൽ സംവിധാനം ഒരുക്കാത്തതിനാൽ ജനറൽ മെഡിസിൻ വാർഡുകളിൽ ഒരു കട്ടിലിൽ നാലുപേരെയാണ് അഡ്മിറ്റ് ചെയ്യുന്നത്.
രണ്ടുപേർ കട്ടിലിലും മറ്റുള്ളവർ ചുറ്റിലും കിടക്കുന്നതാണ് അവസ്ഥ. മാസ്റ്റർ പ്ലാനിൽപ്പെടുത്തി സൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ ഇതിനനുസരിച്ച് ഉപയോഗവും വർദ്ധിക്കുമെന്നതിനാൽ ജലസംഭരണികളുൾപ്പെടെ നിർമ്മിക്കാനും കൂടുതൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. അത്യാധുനിക ലാബ് സജ്ജീകരണം,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കൾക്കായി പ്രത്യേക ബ്ലോക്ക് എന്നിവയ്‌ക്കായി 198 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും നടന്നില്ല.
മാസ്റ്റർപ്ലാനിൽ
2018 ഏപ്രിലിലാണ് മെഡിക്കൽ കോളേജിൽ 717.29 കോടി രൂപയുടെ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചത്. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം,നിലവിലുള്ളവയുടെ നവീകരണം,350 കോടി രൂപയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ വാങ്ങൽ,ക്യാമ്പസിനുള്ളിലെ റോഡുകളുടെ നവീകരണം,റേഡിയോളജി,ബയോമെഡിക്കൽ വിഭാഗങ്ങളുടെ ആധുനീകരണം എന്നിവയാണ് പ്രധാനമായും മാസ്റ്റർപ്ലാനിലുള്ളത്. അടിസ്ഥാന സൗകര്യങ്ങളായ ജലസേചനം, വൈദ്യുതി സംവിധാനങ്ങളുടെ വിപുലീകരണം എന്നിവയും ലക്ഷ്യമിട്ടിരുന്നു. ദിവസം 35ലക്ഷത്തോളം ലിറ്റർ വെള്ളമാണ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആവശ്യമായി വന്നിരുന്നത്.
പൊളിച്ചു, കുത്തിനിറച്ചു
16, 17, 18, 19, 24, 25 വാർഡുകൾ ഉൾപ്പെടുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിനടുത്തുള്ള പഴയ കെട്ടിടം ഒന്നരവർഷത്തിനു മുൻപാണ് പൊളിച്ചത്. 250 കിടക്കകളാണ് ഇവിടെയുണ്ടായിരുന്നത്. പകരം രണ്ട് വാർഡുകൾ മാത്രമാണ് താത്കാലികമായി നിർമിച്ചത്. ഇവിടെയുണ്ടായിരുന്ന വാർഡുകളിലെ രോഗികളെക്കൂടി മറ്റിടങ്ങളിൽ കുത്തിനിറച്ചിരിക്കുന്നു.കെട്ടിടം പൊളിച്ച സ്ഥലത്ത് 16 തിയേറ്ററുകളടങ്ങുന്ന ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ്, പുതിയ തീവ്രപരിചരണ വിഭാഗം എന്നിവയും ആധുനിക സൗകര്യങ്ങളോടെയുള്ള വാർഡുകളുമാണ് നിർമിക്കുന്നത്. എന്നാൽ വകുപ്പുകളുടെ ഏകോപനക്കുറവും ചുവപ്പുനാടയും കുരുക്കിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |