രാജ്യത്ത് ഏറ്റവുമധികം വായുമലിനീകരണം അനുഭവപ്പെടുന്നത് തലസ്ഥാനമായ ഡൽഹിയിലാണ്. വായുമലിനീകരണം കുറയ്ക്കാൻ ഡൽഹി സർക്കാർ പഴക്കം ചെന്ന വാഹനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നു കഴിഞ്ഞു. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഡൽഹിയിൽ നിരോധനമുണ്ട്. ഇത്തരം വാഹനങ്ങൾക്ക് ജൂലായ് ഒന്നുമുതൽ ഇന്ധനം നൽകരുത് എന്നും പമ്പുടകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് നിർദ്ദേശങ്ങൾ അനുസരിച്ചാണ് സർക്കാരിന്റെ നടപടി.
സർക്കാരിന്റെ കടുത്ത തീരുമാനം വാഹന ഉടമകളെ വെട്ടിലാക്കിയിരിക്കുകയാണ്. പലരും ഇത്തരം വാഹനങ്ങൾ ഡൽഹിക്ക് പുറത്ത് വിറ്റൊഴിയുകയാണെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഡൽഹി സ്വദേശി റിതേഷ് ഗന്ധോത്ര എക്സിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. തന്റെ എട്ട് വർഷം പഴക്കമുള്ള റേഞ്ച് റോവർ തുച്ഛമായ വിലയ്ക്ക് വിൽ്കാൻ നിർബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഡൽഹി സർക്കാർ പുതിയ വാഹന നയം പുനഃപരിശോധിക്കണമെന്നും റിതേഷ് ആവശ്യപ്പെട്ടു. സത്യസന്ധരായ, നികുതി അടയ്ക്കുന്ന പൗരന്മാർക്ക് സർക്കാർ നടപടി അസൗകര്യം സൃഷ്ടിക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ജൂലായ് ഒന്നിന് ഡൽഹിയിൽ പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പ്രാബല്യത്തിൽ വന്ന ദിവസമാണ് അദ്ദേഹം പോസ്റ്റ് പങ്കിട്ടത്. 74000 കിലോമീറ്റർ മാത്രമാണ് റേഞ്ച് റോവർ ഓടിയിട്ടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. കൊവിഡ് സമയത്ത് വാഹനം പാർക്കിംഗ് സ്ഥലത്ത് വെറുതെ ഇട്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രണ്ട് ലക്ഷം കിലോ മീറ്ററിലധികം ഓടാനുള്ള ശേഷി ഇപ്പോഴും ഇതിനുണ്ട്. ഡൽഹിക്ക് പുറത്ത് താമസിക്കുന്നവർക്ക് വളരെ കുറഞ്ഞ വിലയ്ക്ക് റേഞ്ച് റോവർ വിൽക്കാൻ നിർബന്ധിതനാകുകയാണെന്നും റിതേഷ് പറഞ്ഞു. പെട്ടെന്ന് പുതിയ ഒരു കാർ വാങ്ങുന്നത് ഒരാളുടെ സാമ്പത്തിക സ്ഥിതി തകർക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
റിതേഷിന്റെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഡൽഹി സർക്കാരിന്റെ നയം ഒരു ക്രൂരമായ തട്ടിപ്പാണെന്ന് അവർ പറയുന്നു. 90% ആളുകളും പ്രതിമാസം 25000 രൂപയിൽ താഴെ വരുമാനം നേടുന്ന ഒരു രാജ്യത്ത് ഓരോ 10-15 വർഷത്തിലും അവരുടെ കാറുകൾ ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നത് ശുദ്ധമായ കൊള്ളയടിക്കലാണെന്നും വിമർശനമുണ്ട്.
സമാനമായ മറ്റൊരു കേസിൽ ഡൽഹി സ്വദേശിയായ വരുൺ വിജയ്ക്ക് തന്റെ മെഴ്സിഡസ് ബെൻസ് തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്നു. 2015ൽ 84 ലക്ഷം രൂപയ്ക്ക് വാങ്ങിയ ആഡംബര എസ്.യു.വി 2.5 ലക്ഷം രൂപയ്ക്കാണ് വിറ്റത്. 1.35 ലക്ഷം കിലോമീറ്റർ മാത്രമാണ് വാഹനം ഓടിയത്. ഭാവിയിൽ ഇത്തരം നിയന്ത്രണങ്ങൾ നേരിടാൻ 62 ലക്ഷം രൂപയ്ക്ക് ഒരു ഇലക്ട്രിക് വാഹനം വാങ്ങിയതായും അദ്ദേഹം പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ ഒന്നും വന്നില്ലെങ്കിൽ 20 വർഷത്തേക്ക് ഈ വാഹനം ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |