ജീവനെടുത്തത് വസ്‌തുതർക്കത്തെ തുടർന്നുള്ള മർദ്ദനം
നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി റിട്ട.സ്റ്റേഷൻ മാസ്റ്റർ നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫിനെ (68) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ ഭാര്യാസഹോദരൻ ജെ.ഷാജഹാനെ (52,ഷാജി) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്‌തു. ഇയാൾ കെ.എസ്.ആർ.ടി.സിയിൽ എംപാനൽ കണ്ടക്ടറാണ്.
വസ്‌തുതർക്കത്തെ തുടർന്നുണ്ടായ ഷാജഹാന്റെ മർദ്ദനത്തിലാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 28ന് രാവിലെ നാട്ടുകാരാണ് അഷറഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ഏകമകൻ ഡോ.ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുമ്പാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടിലെത്തിയത്. എറണാകുളം ജനറൽ ഹോസ്‌പിറ്റലിലെ ഡോ.പി.എം.മെഹനാസ് മരുമകളാണ്.
ഭാര്യ മാജിദ രണ്ടുവർഷം മുമ്പ് മരിച്ചതിനാൽ ഒറ്റയ്‌ക്കായിരുന്നു താമസം. മാജിദയ്‌ക്ക് കുടുംബ ഓഹരിയായി കിട്ടിയ വസ്‌തുവിൽ നിന്നും അഷറഫ് ആദായമെടുത്തിരുന്നത് ഷാജഹാനെ പ്രകോപിതനാക്കിയിരുന്നു. രണ്ടുദിവസം മുമ്പ് ആദായമെടുക്കാനായി പണിക്കാരനേയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ തന്റെ സ്ഥലത്തുനിന്ന് ഇനിമേൽ ആദായമെടുക്കരുതെന്ന് പറഞ്ഞു തടസപ്പെടുത്തുകയും വകവയ്‌ക്കാതെ മുന്നോട്ടു നീങ്ങിയപ്പോൾ പ്രതി മർദ്ദിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ അഷറഫ് പൊലീസിൽ പരാതി നൽകി. തുടർന്ന് രണ്ടുപേരെയും വിളിച്ചുവരുത്തി പൊലീസ് താക്കീത് നൽകുകയും ചെയ്‌തു. പിറ്റേദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിനേറ്റ അടിയിൽ നിന്നുള്ള ആഘാതത്തിലാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കടുത്ത പ്രമേഹരോഗിയായ അഷറഫിന്റെ കാലിലെ പരിക്ക് കാരണം രക്തസമ്മർദ്ദമേറിയതും മരണത്തിനിടയാക്കി.
നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ തർക്കമുണ്ടായെന്നും മർദ്ദിച്ചതായും പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |