കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബത്തിന്റെ ഏക ഉപജീവനമാർഗമായ തട്ടുകട പൊളിച്ചുമാറ്റി കൽപ്പറ്റ നഗരസഭ. ചൂരൽമല സ്വദേശിനി കുരിക്കൾ ആസിയയോടാണ് നഗരസഭ ക്രൂരത കാട്ടിയത്. എസ്.കെ.എം.ജെ സ്‌കൂളിന് സമീപം സന്നദ്ധ സംഘടന സ്ഥാപിച്ചു നൽകിയ തട്ടുകടയാണ് എടുത്തുമാറ്റിയത്. നോട്ടീസ് പോലും നൽകാതെയാണ് തട്ടുകടയും സാധന സാമഗ്രികളും നഗരസഭ എടുത്തുകൊണ്ടുപോയത്. എന്തിനാണ് തന്നോടും കുടുംബത്തോടും ഈ ക്രൂരത എന്നാണ് ആസിയ ചോദിക്കുന്നത്. ചൂരൽമല സ്‌കൂൾ റോഡിലായിരുന്നു ആസിയയും കുടുംബവും താമസിച്ചിരുന്നത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായതോടെ സന്നദ്ധ സംഘടനയാണ് 'ജൂലൈ 30' എന്ന പേരിൽ റോഡരികിൽ തട്ടുകട സ്ഥാപിച്ചു നൽകിയത്. കഴിഞ്ഞ ജനുവരിയിലാണ് തട്ടുകടയുടെ പ്രവർത്തനം തുടങ്ങിയത്. ഒരുവിധം ജീവിതം വീണ്ടും തിരിച്ചുപിടിക്കുന്നതിനിടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നഗരസഭ ക്രൂരത കാട്ടിയത്. ബുധനാഴ്ച രാത്രിയിൽ കച്ചവടം ചെയ്യാനുള്ള ദോശമാവ് ഉൾപ്പെടെ തയ്യാറാക്കിയിരുന്നു. രാവിലെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആസിയ കണ്ടത് ഹൃദയം തകർക്കുന്ന കാഴ്ചയാണ്. സാധാരണ വൈകിട്ട് ആരംഭിക്കുന്ന കച്ചവടം അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. ഉറക്കം കളഞ്ഞാണ് കുടുംബം പുലർത്താനായി ആസിയ കച്ചവടം ചെയ്യുന്നത്. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിവരമറിഞ്ഞ് ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.
തട്ടുകട പുനസ്ഥാപിച്ചു നൽകും:
നഗരസഭ ചെയർമാൻ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബത്തിന്റെ ഉപജീവന മാർഗമായ തട്ടുകട പുനഃസ്ഥാപിച്ചു നൽകുമെന്ന് കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ ഐസക് . തട്ടുകട എടുത്തുമാറ്റിയത് തന്റെ അറിവോടെ ആയിരുന്നില്ല. വിഷയത്തിൽ നഗരസഭ ക്ലീൻ സിറ്റി മാനേജരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. നടപടി പൂർണമായും നിർത്തിവയ്ക്കാനും അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ദുരന്തബാധിതരെ ദ്രോഹിക്കുന്ന നടപടി നഗരസഭ സ്വീകരിക്കില്ല. എസ് .കെ.എം.ജെ സ്‌കൂൾ നൽകിയ പരാതിയെ തുടർന്നാണ് സ്‌കൂളിനു മുമ്പിലെ കടകൾ നീക്കം ചെയ്യുന്നത്. അത് സ്‌കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ടിയാണ്. ഇക്കാര്യത്തിൽ പൊലീസും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നുവെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |