വെട്ടിലാകുന്നത് 2.5 ലക്ഷം ഗുണഭോക്താക്കൾ
കോഴിക്കോട്: ബേപ്പർ എൻ.എഫ്.എസ്.എ ഡിപ്പോയിലെ കയറ്റിറക്ക് തൊഴിലാളികൾക്കിടയിലെ ശീതസമരം കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലുള്ള റേഷൻ കടകളിൽ സാധന വിതരണം മുടങ്ങി. രണ്ടര ലക്ഷത്തോളം ഗുണഭോക്താക്കളാണ് ഇതോടെ വെട്ടിലായി. മാസങ്ങളായി തുടരുന്ന തൊഴിൽ തർക്കത്തെ തുടർന്ന് സാധനങ്ങൾ മുഴുവൻ കിട്ടുന്നില്ല. വിതരണം നടക്കാത്തതിനാൽ റേഷൻ കടയുടമകൾക്ക് വരുമാനം നഷ്ടപ്പെടുന്നു. പ്രശ്നം പരിഹരിക്കാൻ റേഷൻ ഡീലർമാർ സമരങ്ങൾ നടത്തിയിട്ടും ഫലമില്ല.
വെള്ളയിൽ ഗോഡൗണിൽ നിന്നായിരുന്നു ആദ്യം റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിച്ചിരുന്നത്. കൊവിഡിന് മുമ്പ് വെള്ളയിൽ ഗോഡൗൺ പ്രവർത്തനം ബേപ്പൂരിലേക്ക് മാറ്റി. ഇതോടെ വെള്ളയിലെ കയറ്റിറക്കുകാർക്ക് തൊഴിലില്ലാതായി. ഇവർ ഹെെക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വെള്ളയിലുള്ളവർക്ക് 75 ശതമാനവും ബേപ്പൂരിലുള്ളവർക്ക് 25 ശതമാനം തൊഴിലുമായി വീതിച്ചുനൽകി. എന്നാലിത് തൊഴിലാളികൾക്ക് സ്വീകാര്യമായില്ലെന്നാണ് വിവരം. നിലവിൽ വെള്ളയിലെ തൊഴിലാളികൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ ബേപ്പൂരിലെത്തി തൊഴിലെടുക്കുകയാണ്. ബേപ്പൂരിലുള്ളവർക്ക് അവിടുത്തെ സിവിൽ സപ്ളെെസ് ഗോഡൗണിലും മറ്റുമായി നേരത്തെ തൊഴിലുണ്ടായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടത് വെള്ളയിലുളളവർക്കാണ്.
കോടതി വിധിയനുസരിച്ച് ലേബർ ഓഫീസറാണ് തൊഴിൽ വീതിച്ചത്. ഇവർ സഹകരിക്കാത്തതിനെ തുടർന്ന് ലോഡ് കയറ്റുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണെന്ന് റേഷൻ ഡീലർമാർ പറയുന്നു. ഒരു ലോറിയിൽ 75 ശതമാനം സാധനങ്ങൾ വെള്ളയിലെ തൊഴിലാളികളും ബാക്കി ബേപ്പൂരിലുള്ളവരും കയറ്റണം. ഇതിലാണ് നിസഹകരണം. ലോഡുകൾ വീതം വച്ച് കയറ്റിറക്ക് സുഗമമാക്കാൻ കളക്ടർ നൽകിയ നിർദ്ദേശവും തൊഴിലാളികൾക്ക് സ്വീകാര്യമായില്ല.
മറ്റ് കടകളിൽ ചേക്കേറി കാർഡുടമകൾ
സാധനങ്ങൾ കിട്ടാത്ത ഗുണഭോക്താക്കൾ നല്ലളം, ഫറോക്ക് തുടങ്ങി അടുത്തുള്ള മറ്റ് റേഷൻ കടകളിലെത്താൻ തുടങ്ങിയതോടെ സിറ്റി പരിധിയിലെ കടയുടമകൾക്ക് വരുമാനം കുറഞ്ഞു. കടവാടക, വെെദ്യുതി ചാർജ്ജ്, സെയിൽസ്മാന്റെ ശമ്പളവുമടക്കം ചെലവ് നിർവഹിക്കാനാകുന്നില്ലെന്ന് കടയുടമകൾ പറയുന്നു.
ബേപ്പൂരിൽ .....60
വെള്ളയിൽ.....30
റേഷൻ കടകൾ.....84
കാർഡുടമകൾ.....70,226
ഗുണഭോക്താക്കൾ..... 2,59,541
സാധനങ്ങൾ മാസാവസാനം കിട്ടുമെങ്കിലും മുഴുവൻ കാർഡുടമകൾക്കും കൊടുക്കാനാകില്ല. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.
-കെ.പി. അഷ്റഫ്,
ജില്ല സെക്രട്ടറി,
റേഷൻ ഡീലേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |