തിരുവനന്തപുരം: ജനപ്രിയ മദ്യമായ ജവാൻപോലെ വിലകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ (പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ല്) പ്ളാന്റ് നിർമ്മാണം ജൂലായ് 7 ന് തുടങ്ങും. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. 10 മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കി മദ്യ ഉത്പാദനം തുടങ്ങുകയാണ് ലക്ഷ്യം. 25.90 കോടിയാണ് നിർമ്മാണച്ചെലവ്. റം ആണോ ബ്രാൻഡിയാണോ ഉത്പാദിക്കുകയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഏതായാലും വില കുറവായിരിക്കും.
മൂന്ന് ലൈനുകൾ
സ്വയം നിയന്ത്രിതമായി പ്രവർത്തിക്കുന്ന ആധുനികമായ മൂന്ന് ബ്ളെൻഡിംഗ് ആൻഡ് ബോട്ടിലിംഗ് ലൈനുകളാണ് സ്ഥാപിക്കുന്നത്. ഓരോ ലൈനിലും പ്രതിദിനം 4500 കെയ്സ് വരെ ഉത്പാദിപ്പിക്കാം. ഒരു ദിവസം പരമാവധി 13,500 കെയ്സ് മദ്യം. പ്രതിദിനം വേണ്ടത് ഒരു ലക്ഷം ലിറ്റർ ശുദ്ധജലം.
ഭൂഗർഭജലം ഉപയോഗിക്കില്ല. ആറു കിലോമീറ്റർ ദൂരത്തുള്ള മൂംഗിൽമട ജലസംഭരണിയിൽ നിന്ന് പൈപ്പ് വഴി വെള്ളമെത്തിക്കുന്നതടക്കം പല മാർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും മഴവെള്ള സംഭരണിയാണ് പ്രധാനമായി പരിഗണിക്കുന്നത്. അഹല്യ ആശുപത്രിയിൽ 500 ഏക്കറിൽ മഴവെള്ളം സംഭരിക്കാൻ നടപ്പാക്കിയ സംവിധാനത്തിന്റെ അതേ മാതൃക ആലോചിക്കുന്നുണ്ട്.
കെൽ
പൊതു മേഖല സ്ഥാനപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ)ക്കാണ് നിർമ്മാണച്ചുമതല. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് കീഴിലുള്ള മലബാർ ഡിസ്റ്രിലറീസ് ലിമിറ്റഡിനാണ് ഉടമസ്ഥത. പ്ലാന്റ് നിർമ്മാണത്തിന് ബെവ്‌കോ ഫണ്ട് ഉപയോഗിക്കും. ഉത്പാദനം തുടങ്ങുന്ന മുറയ്ക്ക് മദ്യം വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് തുല്യഗഡുക്കളായി കോർപ്പറേഷന്റെ വായ്പ തിരിച്ചടയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |