പുതിയ ദേശീയ കായിക നയം ഇന്ത്യയെ കായിക ശക്തിയാക്കി മാറ്റുമെന്ന് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ മീഡിയ കോൺക്ളേവ്
തിരുവനന്തപുരം : കഴിഞ്ഞദിവസം അവതരിപ്പിക്കപ്പെട്ട ദേശീയ കായികനയം ഇന്ത്യയെ ഭാവിയിൽ കായികശക്തിയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ സംഘടിപ്പിച്ച മീഡിയ കോൺക്ളേവിൽ വിലയിരുത്തപ്പെട്ടു. 2036ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനുള്ള തയ്യാറെടുപ്പുകളുടെ രൂപരേഖ മാത്രമല്ല വരുംകാല അന്താരാഷ്ട്ര കായികമേളകളിൽ മികച്ച പ്രകടനം ഉറപ്പുവരുത്താനുള്ള ആധാരശിലകൂടിയാണ് നയം ഉൾക്കൊള്ളുന്നതെന്ന് അദ്ധ്യക്ഷനായി വിഷയം അവതരിപ്പിച്ച എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും സായ് റീജിയണൽ ഹെഡുമായ ഡോ. ജി. കിഷോർ പറഞ്ഞു.
2020ലെ ദേശീയ വിദ്യാഭ്യാസനയവുമായി ചേർന്ന് പ്രയോഗത്തിൽവരുന്ന കായിക നയത്തിലൂടെ കായിക വിദ്യാഭ്യാസം ദേശീയ തലത്തിൽ സാർവത്രികമായി മാറുമെന്നും ഡോ.ജി കിഷോർ ചൂണ്ടിക്കാട്ടി.നഴ്സറി തലം മുതൽ ബിരുദാനന്തരബിരുദ തലംവരെ ഡിജിറ്റലായും ഫിസിക്കലായും കായിക വിദ്യാഭ്യാസം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതി ' ഇ ഖേൽ പാഠശാല" അടുത്തുതന്നെ നിലവിൽവരുമെന്നും നേരത്തേതന്നെ കായികവിദ്യാഭ്യാസം കരിക്കുലത്തിൽ ഉൾപ്പെടുത്തിയ കേരളത്തിന് ഇത് കൂടുതൽ പ്രയോജനപ്രദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്രായത്തിൽതന്നെ പ്രതിഭകളെ കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കും. സ്പോർട്സിന്റെ വികസനം രാജ്യത്തിന്റെ തന്നെ വികസനമായി മാറുന്ന രീതിയിൽ സാമ്പത്തികപരമായും സാമൂഹ്യപരമായുമുള്ള വളർച്ച കൂടി ലക്ഷ്യമിടുന്നതാണ് പുതിയ കായിക നയം.
ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായർ,എൽ.എൻ.സി.പി.ഇ ഡയറക്ടർ സി. ദണ്ഡപാണി, ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. പിയൂഷ് ജെയിൻ,എൽ.എൻ.സി.പി.ഇ അസോസിയേറ്റ് പ്രൊഫസർ & അക്കാഡമിക്സ് ഇൻ-ചാർജ് ഡോ. പ്രദീപ് ദത്ത, അത്‌ലറ്റിക്സ് ഹൈ പെർഫോമൻസ് ഡയറക്ടർ ഡോ. വസീർ സിംഗ്, ഹോക്കി ഹൈ പെർഫോമൻസ് ഡയറക്ടർ പിയൂഷ് കുമാർ ദുബെ, സായ് സയന്റിഫിക് ഓഫീസർമാരായ ഡോ. സ്നേഹാംഷു അധികാരി,യുമ്നം മോമോ സിംഗ് എന്നിവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |