കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സാദ്ധ്യമായതെല്ലാം ചെയ്തിരുന്നെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ആദ്യം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടമുണ്ടായത് ഉപയോഗിക്കാത്ത കെട്ടിടത്തിലാണെന്ന് പ്രതികരിച്ചത്. ആശുപത്രിയിൽ വന്ന ഉടനെയുള്ള മറുപടിയായിരുന്നു അത്. ചർച്ചകൾക്ക് ശേഷമായിരുന്നില്ല.
രണ്ടുപേർക്ക് പരിക്കെന്ന് മാത്രമായിരുന്നു ആദ്യവിവരം. ഉടൻ സംഭവസ്ഥലത്തേയ്ക്ക് ജെ.സി.ബി എത്തിക്കുന്നതിന് ഉൾപ്പെടെ നടപടിയെടുത്തു. ഗ്രിൽ പൊട്ടിച്ചാണ് ജെ.സി.ബി അകത്തേക്ക് എത്തിച്ചത്. ആദ്യഘട്ടത്തിൽ അകത്ത് ആരുമില്ലെന്നായിരുന്നു വിവരമെങ്കിലും രക്ഷാപ്രവർത്തനത്തിന് താമസമുണ്ടായില്ല. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക മാത്രമായിരുന്നു പ്രാഥമിക ലക്ഷ്യം.
കാലപ്പഴക്കം കൊണ്ട് കെട്ടിടം ഉപയോഗിക്കാനാകില്ലെന്ന് 2012-13 കാലഘട്ടത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷേ അന്ന് ഫണ്ട് ലഭിച്ചില്ല. 2016ൽ എൽ.ഡി.എഫ് സർക്കാരാണ് ആശുപത്രിയുടെ സമഗ്രവികസനത്തിനായി തുക അനുവദിച്ചത്. പക്ഷേ കൊവിഡ് കാരണം 2021- 22 ലാണ് പുതിയ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാനായത്. എട്ടുനിലയിലുള്ള ബ്ലോക്ക് നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ 30 ന് ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിരുന്നു. ഓപ്പറേഷൻ തിയേറ്ററുകൾ കൂടി പൂർത്തിയായി ഈ മാസം 31 ന് ഇവിടേക്ക് പ്രവർത്തനം മാറ്റാനായിരുന്നു തീരുമാനമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |