പ്രതി അറസ്റ്റിൽ
കൊച്ചി: ഹഫ്ത നൽകാത്തതിന് 21കാരനായ മുറുക്കാൻ കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കി കൈയിലുണ്ടായിരുന്ന പണം പിടിച്ചുപറിച്ചു. അസാം മൊറിഗോൺ ഭട്ടഗോരി സ്വദേശി മുക്താർ ഹസനാണ് നടുറോഡിൽ മർദ്ദനമേറ്റത്. ദേഹമാസകലം പരിക്കുണ്ട്. 450 രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ പാടിവട്ടം സ്വദേശി നിഖിൽ ബാബുവിനെ (34) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറോടെ ഒബ്‌റോൾ മാളിന് സമീപമായിരുന്നു സംഭവം.
ഒരുവർഷത്തോളമായി മാളിന് സമീപം മുറുക്കാൻ തട്ട് നടത്തിവരികയാണ് മുക്താർ. മദ്യലഹരിയിൽ എത്തിയ പ്രതി 2000രൂപ പിരിവ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും തുക കൈവശമില്ലെന്നും പണം നൽകാനാകില്ലെന്നും മറുപടി നൽകി. ക്ഷുഭിതനായ നിഖിൽ മുക്താറിനെ മർദ്ദിച്ച് വീഴ്ത്തി. മഴ നനയാതിരിക്കാൻ വച്ച വലിയ കുടയുടെ കാലുകൊണ്ട് തുടരെ അടിച്ച് പരിക്കേൽപ്പിച്ചു. പിന്നീട് പോക്കറ്റിൽ നിന്ന് 450 രൂപ കൈക്കലാക്കി.
ശബ്ദംകേട്ട് ഓടിയെത്തിയവരിൽ ഒരാൾ പൊലീസിനെ വിവരം അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ നിഖിലിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. റൗഡി ലിസ്റ്റിൽ ഉണ്ടായിരുന്ന പ്രതി ഇപ്പോൾ മാലിന്യശേഖരണം നടത്തിക്കഴിയുകയാണ്. മദ്യപിക്കാനുള്ള പണത്തിനായാണ് പിരിക്കാൻ എത്തിയതെന്നാണ് കരുതുന്നത്.
മുറുക്കാൻകട, കച്ചവടം ഹാൻസ്
നഗരത്തിന്റെ മുക്കിലും മൂലയിലും മുറുക്കാൻ കടകൾ വ്യാപകമാണ്. മുറക്കാൻ കച്ചവടമെന്നാണ് പറയുന്നതെങ്കിലും നടക്കുന്നത് അത്രയും നിരോധിത പുകയില ഉത്പന്നങ്ങളായ ഹാൻസ്, കൂൾലിപ്പ് തുടങ്ങിയവയുടെ ഇടപാടാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. വൻകിടക്കാരാണ് പിന്നിൽ. അന്യസംസ്ഥാന തൊഴിലാളികളെ വച്ചാണ് കട നടത്തിപ്പ്.
നിരോധിത പുകയില ഉത്പന്നം വിൽക്കാൻ വൻതുക ഹഫ്ത നൽകാനും നടത്തിപ്പുകാർക്ക് മടിയില്ല. അതിലും ഇരട്ടിയാണ് ഇതിൽ നിന്ന് ലഭിക്കുന്ന ലാഭം. കേരളത്തിന് പുറത്ത് വെറും 5 രൂപയ്ക്ക് ലഭിക്കുന്ന പാക്കറ്റ്, 50രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു ദിവസം പതിനായരങ്ങളുടെ കച്ചവടം ഒരു കടയിൽ മാത്രം നടക്കുന്നു. നടത്തിപ്പുകാരന്റെ കീഴിൽ ഒരു മേഖലയിൽ മാത്രം 50ലധികം കടകൾ വരെയുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ മാത്രമല്ല, ആവശ്യക്കാരിൽ മലയാളികളും മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |