തൃപ്പൂണിത്തുറ; മുത്തശ്ശിമാർ കഥ പറഞ്ഞു, കുട്ടികൾ കേട്ടിരുന്ന് രസിച്ചു. നഗരത്തിരക്കിലമരുന്ന ബാല്യത്തിന് ആശ്വാസമായി സ്കൂളിന്റെ നടുമുറ്റത്തൊരു കഥക്കൂട്ടം. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളാണ് അമ്മൂമ്മക്കഥകൾ കേൾക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കിയത്. പല ക്ലാസുകളെ പ്രതിനിധീകരിച്ചാണ് 70 കഴിഞ്ഞ അമ്മൂമ്മമാരെത്തിയത്. കുട്ടികൾക്കൊപ്പം കഥ പറഞ്ഞും പാട്ടുപാടിയും സമയം ചെലവഴിക്കാൻ അവസരം ലഭിച്ചപ്പോൾ അവരും മനസുകൊണ്ട് കുട്ടികളായി.
വായനാമാസാചരണത്തോടനുബന്ധിച്ച് വിദ്യാലയം നടപ്പാക്കിവരുന്ന വിദ്യാലയം കഥ പറയുന്നു എന്ന പദ്ധതിയുടെ ഭാഗമായാണ് അമ്മൂമ്മമാർ കഥ പറയാൻ വിദ്യാലയത്തിൽ എത്തിയത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ എല്ലാ ദിവസവും ഓരോ കഥ കേട്ടുകൊണ്ടാണ് ക്ലാസ് തുടങ്ങുക. എല്ലാ ക്ലാസിലും ഒരു ദിവസം ഒരു കഥ പറയും. അദ്ധ്യാപകരും കുട്ടികളും കഥപറച്ചിൽ പങ്കാളികളാവും. സൗകര്യപ്രദമായ അവസരങ്ങളിൽ അതിഥികളും കഥ പറച്ചിലിന്റെ ഭാഗമാകും. കഥകൾ കുട്ടികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്ന ചിന്തയിൽ നിന്നാണ് ഇത്തരം ഒരു പദ്ധതി രൂപപ്പെട്ടത്.
ഇന്നലെ അതിഥികളായി എത്തിയ എല്ലാ അമ്മൂമ്മമാരെയും ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ പൊന്നാടയിട്ട് ആദരിച്ചു. പ്രിൻസിപ്പൽ ഒ.വി. സാജു വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. അദ്ധ്യാപിക സ്മിത കരുൺ, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഗബ്രിയേലിന്റെ അമ്മൂമ്മ ലീലാമ്മചെറിയാൻ എന്നിവരും കുട്ടികളോട് കഥ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |