കണ്ണൂർ: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിന് പിന്നാലെ, കണ്ണൂർ ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ദുരവസ്ഥയും ചർച്ചയാകുന്നു. ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കുന്നത് ചോർന്നൊലിക്കുന്നതും ശോച്യാവസ്ഥയിലുമുള്ള കെട്ടിടത്തിലാണ്. ഒരു വർഷം മുമ്പ് പൊളിക്കാൻ തീരുമാനിച്ച കെട്ടിടമാണിത്.
സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന് തൊട്ടടുത്താണ് ഈ അപകടാവസ്ഥയിലുള്ള കെട്ടിടം സ്ഥിതിചെയ്യുന്നത്. കാലപ്പഴക്കമാണ് ഈ കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിക്കാൻ കാരണം. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ഇത് നടപ്പിലാക്കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് പൊളിച്ചുമാറ്റാൻ രേഖാമൂലം ആരോഗ്യവകുപ്പിനോടാവശ്യപ്പെട്ടിട്ടും നടപടി എടുത്തിട്ടല്ലെന്ന് ആക്ഷേപമുണ്ട്.
ആശുപത്രിയിലെ ഫീസിബിലിറ്റി നഷ്ടപ്പെട്ട കെട്ടിടത്തിലാണ് ഇപ്പോഴും ഓക്സിജൻ സിലിണ്ടർ, മരുന്നുകൾ എന്നിവ സൂക്ഷിച്ചിരിക്കുന്നത്. ജീവനക്കാർ വിശ്രമിക്കുന്നതും, രോഗികളും, കൂട്ടിരിപ്പുകാരും നടന്നു പോകുന്നതും ഈ കെട്ടിടത്തിനരികിലൂടെയാണ്.
പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും യൂത്ത് ലീഗും
ജില്ലാ ആശുപത്രിയിലെ പൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിച്ചു നീക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് ഇരച്ചു കയറി പ്രതിഷേധിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സൂപ്രണ്ടിനെയോ, ഡെപ്യൂട്ടി സൂപ്രണ്ടിനെയോ കാണാതെ പോകില്ലെന്ന് പ്രവർത്തകർ നിർബന്ധം പിടിച്ചപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ വരുൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. സുബീഷ് മരക്കാർക്കണ്ടി, പ്രിനിൽ മതുക്കോത്ത്, റൂബിൻ കിഴുന്ന, റിജിൻ ബാബു, സി.എച്ച് മുഹമ്മദ് റിബിൻ, ഹരി, ശ്രീരാഗ് വലിയന്നൂർ, അതുൽ നാരായണൻ, പ്രകീർത്ത് മുണ്ടേരി, അർജുൻ ചാലാട് എന്നിവർ നേതൃത്വം നൽകി.
മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഉപരോധ സമരത്തിന് കണ്ണൂർ മണ്ഡലം പ്രസിഡന്റ് സി.എം ഇസ്സുദ്ധീൻ, ജനറൽ സെക്രട്ടറി അസ്ലം പാറേത്ത്, താഹിർ പള്ളിപ്രം, മൻസൂർ കാനച്ചേരി, റഷീദ് പടന്ന, സഹീർ താണ, ഫാരിസ് കൊച്ചി പള്ളി, സിറാജ് ഉരുവച്ചാൽ, സൈനുദ്ദീൻ മുണ്ടേരി, അർഷിൽ, റാഷിദ് സിറ്റി, മുസ്തഫ സിറ്റി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |