കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ ദുരന്തത്തിന്റെ എല്ലാ പഴിയും സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം. ജനകീയ ഡോക്ടറെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിനും ആരംഭിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയ അടക്കം നിർവഹിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ചരിത്രമെഴുതിയത് ഡോക്ടർ ജയകുമാറിന്റെ കഠിനാദ്ധ്വാനം കൊണ്ടാണ്.
സമർപ്പണ സേവനത്തിന്റെ പ്രതിഫലമെന്നോണം സംസ്ഥാനത്തെ മികച്ച ഡോക്ടറിനുള്ള പുരസ്കാരവും കേരളശ്രീ പുരസ്കാരവും അടക്കം നേടിയിട്ടുള്ള അദ്ദേഹത്തെ കഴിഞ്ഞദിവസം മുതലാണ് ഒരുവിഭാഗം തേജോവധം ചെയ്ത് തുടങ്ങിയത്. മെഡിക്കൽ കോളേജിലുണ്ടായ ദാരുണസംഭവം ഒരിക്കലും ആവർത്തിക്കപ്പെടാത്തതാണെങ്കിലും ഉത്തരവാദിത്വം മുഴുവൻ ഒറ്റയാളിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നതിനെതിരെയാണ് പ്രതിഷേധം.
പ്രതിവർഷം രണ്ടായിരത്തിലേറെ ശസ്ത്രക്രിയകൾ. സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മികവ്. സൗമ്യതയും സാധാരണക്കാരോടുള്ള കാരുണ്യവും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്ന നന്മ മനസ്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനൊപ്പം കർമ്മമേഖലയിലും സദാ വ്യാപൃതൻ. പകലെന്നും രാവെന്നുമില്ലാതെ ആശുപത്രിയുടെ നേട്ടത്തിനായി പ്രവർത്തിക്കുന്ന ഡോ.ജയകുമാറിനെ പോലുള്ളവരെ ഒറ്റദിവസം കൊണ്ട് തള്ളിപ്പറയുന്നതിനെതിരെയാണ് വിമർശനം.
ഏറെസമയവും മെഡി.കോളേജിൽ
ജീവിതത്തിന്റെ ഏറെസമയവും അദ്ദേഹം പ്രവർത്തിക്കുന്നത് മെഡിക്കൽ കോളേജിന് വേണ്ടിയാണ്. ചുരുക്കം മണിക്കൂറുകൾ മത്രമാവും വീട്ടിലുണ്ടാവുക. രാത്രി ഏറെ വൈകി ഉറങ്ങിയും അതിരാവിലെ ഉണർന്നും വ്യക്തിപരമായ കാര്യങ്ങൾ പോലും മാറ്റിവച്ചുമാണ് ആശുപത്രിയുടെ വികസനത്തിനായി അദ്ദേഹം ഇന്നോളം പ്രവർത്തിച്ചിട്ടുള്ളതെന്ന് അടുത്തറിയാവുന്നവർ പറയുന്നു.
'' ലോകം അറിയപ്പെടുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല''
മന്ത്രി വി.എൻ.വാസവൻ
'' അതിഗുരുതരാവസ്ഥയിലായിരുന്ന എനിക്ക് ജീവിതം തിരിച്ചു തന്നത് ഡോ.ടി.കെ.ജയകുമാറാണ്. ദൈവത്തിന്റെ കരങ്ങളുള്ള ഡോക്ടറെ വ്യക്തിഹത്യ ചെയ്യുന്നത് നീതികേടാണ്''
അഭിലാഷ് ചന്ദ്രൻ, മാദ്ധ്യമപ്രവർത്തകൻ
'' സ്വകാര്യ ജീവിതത്തിലെ സന്തോഷവും സമ്പത്തും വേണ്ടെന്ന് വച്ചാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അദ്ദേഹത്തിന് പൂർണ പിന്തുണ.
സഖറിയാസ് മോർ പീലക്സിനോസ്, യാക്കോബായ സഭ ഇടുക്കി ഭദ്രാസനാധിപൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |