പത്തനംതിട്ട : മന്ത്രി വീണാജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നേതൃത്വത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് ശവപ്പെട്ടി മാർച്ച് നടത്തി. പ്രവർത്തകരെ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി നിഥിൻ മണിക്കുട്ടൻ മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ശവപ്പെട്ടിയുമായി ബാരിക്കേട് മറികടന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീണാജോർജിന്റെ ഓഫീസിലേക്ക് വീണ്ടും മാർച്ച് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബാരിക്കേട് മറികടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കെ.എസ്.യു സംസ്ഥാന സെക്രട്ടറി നിഥിൻ മണക്കാട്ടുപള്ളി, ജില്ലാ പ്രസിഡന്റ് അലൻ.ജി.ഓ മൈക്കിൾ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടൻ, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു അറപ്പുരയ്ക്കൽ, അഖിൽ സന്തോഷ്, ജോമി തെക്കേമല എന്നിവർ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് പഴകുളം മധുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് ഗാന്ധി സ്ക്വയറിൽ എത്തിയപ്പോൾ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഏറെ നേരത്തിനുശേഷം സ്റ്റേഷനിലേക്ക് നീങ്ങിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |