ഇസ്ലാമാബാദ്: ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ പാകിസ്ഥാന്റെ പ്രാദേശിക സമാധാനം തകർക്കാൻ ഇന്ത്യ ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ പിന്തുണച്ച രാജ്യങ്ങളിലൊന്നായ അസർബൈജാനിൽ നടന്ന സാമ്പത്തിക സഹകരണ സംഘടനാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്. ഗാസയിലെയും ഇറാനിലെയും നിരപരാധികളായ ആളുകളുടെ ലക്ഷ്യം വച്ചുളള ഇസ്രയേലിനെയും ഷെഹ്ബാസ് ഷെരീഫ് പരോക്ഷമായി വിമർശിച്ചു.
ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ നിർഭാഗ്യകരമായ സംഭവത്തിനുശേഷം പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങൾ പ്രാദേശിക സമാധാനത്തെ അസ്ഥിരപ്പെടുത്താനുളള ശ്രമമാണെന്നും ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു. ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ഇത് അടുത്തിടെ ജമ്മു കാശ്മീരിൽ നടന്ന മാരകമായ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു.
ഇതോടെ പാകിസ്ഥാൻ ആസ്ഥാനമായുളള ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു. ഇതോടെയാണ് ഇന്ത്യ പാകിസ്ഥാനിൽ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയത്. പാകിസ്ഥാന്റെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്.
ഇറാനെതിരായി ഇസ്രയേൽ അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങളെയും ഷെഹ്‌ബാസ് ഷെരീഫ് അപലപിച്ചു, ഗാസയിലായാലും ജമ്മു കാശ്മീരിലായാലും ഇറാനിലായാലും ലോകത്തിലെവിടെയും നിരപരാധികളായ ജനങ്ങൾക്കെതിരെ ക്രൂരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ പാകിസ്ഥാൻ ശക്തമായി നിലകൊള്ളുമെന്നും ഷെഹ്‌ബാസ് ഷെരീഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |