നിത്യജീവിതത്തിൽ ചാറ്റ്ജിപിടിയുടെ ഉപയോഗം എത്രമാത്രം ഗുണം ചെയ്യുമെന്ന വാർത്തകളാണ് തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ ശരീരഭാരം കുറച്ചെന്ന ഒരു യുവതിയുടെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു സംഭവമാണ് സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്. ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് ഏത് മാരക രോഗത്തെയും കണ്ടെത്താൻ സാധിക്കുമെന്നാണ് ഒരാൾ റെഡിറ്റിൽ അവകാശപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷമായി ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിക്കാതെ പോയ അസുഖം കണ്ടെത്തിയെന്നാണ് @അഡ്വഞ്ചർ- ഗോൾഡ്6935 എന്ന റെഡിറ്റ് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉപയോക്താവ് താൻ കടന്നുപോയ രോഗാവസ്ഥയെക്കുറിച്ചും പങ്കുവച്ചിട്ടുണ്ട്. വിവിധ തരത്തിലുളള ചികിത്സകൾക്ക് വിധേയമായിട്ടും രോഗാവസ്ഥ മൂർഛിക്കുകയായിരുന്നുവെന്നും പറയുന്നു.
'പത്ത് വർഷത്തിലേറെയായിട്ട് വിവിധ തരത്തിലുളള രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. അവ വിശദീകരിക്കാൻ കഴിയുന്നതായിരുന്നില്ല. സ്‌പൈനൽ എംആർഐ, സിടി സ്‌കാൻ, രക്തപരിശോധനകൾ എന്നിവ നടത്തിയിരുന്നു. ന്യൂറോളജിസ്റ്റ് ഉൾപ്പടെ നിരവധി വിദഗ്ദരെ സമീപിച്ചു. രാജ്യത്തെ മികച്ച ആശുപത്രികളെയും സമീപിച്ചു. എന്നാൽ ആർക്കും രോഗം സ്ഥിരീകരിക്കാൻ സാധിച്ചില്ല'- ഉപയോക്താവ് പോസ്റ്റിൽ കുറിച്ചു.
വേറെ വഴിയില്ലാതെ ഉപയോക്താവ് തന്റെ രോഗലക്ഷണങ്ങളുടെ വിവരങ്ങളും പരിശോധനാഫലങ്ങളും ചാറ്റ്ബോട്ടിൽ നൽകിയപ്പോഴാണ് വഴിത്തിരിവായത്. ഒടുവിൽ തന്റെ പ്രശ്നങ്ങൾ മ്യൂട്ടേഷന്റെ ഭാഗമായി സംഭവിക്കുന്നതാണെന്ന് ചാറ്റ്ജിപിടി ഉത്തരം നൽകി. ശരീരത്തിലെ വിറ്റാമിൻ ബി12ന്റെ വ്യതിയാനം മൂലം സംഭവിക്കുന്നതാണെന്നും അതിനായുളള മരുന്നുകൾ കഴിക്കണമെന്നുമാണ് ചാറ്റ്ജിപിടി നിർദ്ദേശം നൽകിയത്. ഒടുവിൽ ഉപയോക്താവ് ഈ വിവരങ്ങൾ ഒരു ഡോക്ടറിനെ അറിയിക്കുകയായിരുന്നു. അത് കണ്ട ഡോക്ടർമാർ വരെ ഞെട്ടിപ്പോയെന്നാണ് പോസ്റ്റിലുളളത്. പിന്നിട് ചികിത്സ തുടരുകയായിരുന്നു. ഇപ്പോൾ അവസ്ഥയിൽ നല്ല മാറ്റമുണ്ടെന്നാണ് ഉപയോക്താവ് പോസ്റ്റിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |